കോടതിയും ജയിലിലും ഒഴിവാക്കി ചെറിയ പിഴ ശിക്ഷയില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ ഉള്ള ശുപാര്‍ശയ്‌ക്കെതിരെ വിമര്‍ശനം.മുന്‍ ഹൈക്കോടതി ജഡ്ജി സര്‍ ബ്രിയാന്‍ ലെവെസണിന്റെ നേതൃത്വത്തിലുള്ള പുനരവലോകന സമിതി മോഷണം, മയക്കുമരുന്ന് വില്‍പ്പന, ക്രമ സമാധാന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കോടതിയ്ക്ക് പുറത്ത് പരിഹാരമുണ്ടാക്കി പിഴ അടപ്പിക്കല്‍ ഉള്‍പ്പെടെ നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ചെറിയ ശിക്ഷകളും നല്‍കാം, പേരു പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടേക്കില്ലഎന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കുറ്റസമ്മതം നടത്തുന്ന കുറ്റവാളികള്‍ക്ക് മൂന്നിലൊന്ന് ഇളവു നല്‍കുന്നതും നിര്‍ദ്ദേശത്തിലുണ്ട്. ഫലത്തില്‍ തടവുശിക്ഷയുടെ അഞ്ചിലൊന്നു മാത്രം ഇനി അനുഭവിച്ചാല്‍ മതിയാകും.
കോടതിയിലെ കേസുകളുടെ എണ്ണം കുറയ്ക്കലും ജയില്‍ നിറയുന്ന സാഹചര്യം ഒഴിവാക്കലുമാണ് ലക്‌ഷ്യം. കെട്ടികിടക്കുന്ന കേസുകളില്‍ പരിഹാരം ഉണ്ടാകണമെന്നും കുറ്റവാളികള്‍ക്ക് നല്‍കുന്ന ഇളവുകള്‍ തിരിച്ചടിയാകുമെന്നും വിമര്‍ശകര്‍ പറയുന്നു.
ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന ക്രിമിനലുകള്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ സുഖജീവിതം നയിക്കുകയാണെന്ന് പ്രിസണ്‍സ് വാച്ച്‌ഡോഗ് ചൂണ്ടിക്കാണിച്ചു. മയക്കുമരുന്ന് ഇവര്‍ക്ക് അനായാസം ലഭ്യമാകുന്നു, ഇത് ഉപയോഗിച്ച് കിറുങ്ങി ഇരിക്കുന്ന കുറ്റവാളികള്‍ പകല്‍ സമയം മുഴുവന്‍ ടിവി കണ്ട് ഇരുപ്പാണെന്നും റിവ്യൂ കണ്ടെത്തി.
ക്രിമിനല്‍ സംഘങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ജയിലുകളിലേക്ക് മയക്കുമരുന്ന് മാത്രമല്ല, ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിക്കുന്നതായാണ് വിവരം. ജനലുകള്‍ക്ക് അരികിലേക്ക് വരെ ഇവ എത്തിപ്പെടുന്നു. ആപ്പുകള്‍ ഉപയോഗിച്ച് ലൊക്കേഷന്‍ രേഖപ്പെടുത്തിയ ശേഷമാണ് സംഘങ്ങളുടെ പാക്ക് ഡ്രോപ്പിംഗ്.
ഇത്തരം ക്രിമിനലുകളെ ചെല്ലുംചെലവും കൊടുത്ത് ജയിലുകളില്‍ പാര്‍പ്പിക്കാന്‍ പ്രതിവര്‍ഷം 57,000 പൗണ്ടാണ് ചെലവ് വരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പല സെല്ലുകളിലും ഇവര്‍ ദിവസേന 22 മണിക്കൂര്‍ വരെ മയക്കുമരുന്ന് ഉപയോഗിച്ച് ടിവി കണ്ടും സമയം ചെലവിടുന്നു.
കഴിഞ്ഞ വര്‍ഷം ജയിലുകളില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ജീവനക്കാര്‍ക്കും, സഹതടവുകാര്‍ക്കും എതിരായ ഗുരുതര അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്.