ഇംഗ്ലണ്ടിലെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു. പുതിയ നിയമമനുസരിച്ച് കുടുംബങ്ങള്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കേണ്ടത് ആണ്. അടുത്ത ഏപ്രില്‍ മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ഭക്ഷണ മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും പ്രതിവാരം ശേഖരിക്കുന്നത് വ്യത്യസ്ത ദിവസങ്ങളിലായിരിക്കും.
പുതിയ നിയമമനുസരിച്ച് വീടുകളും സ്ഥാപനങ്ങളും റീസൈക്ലിംഗ് ചെയ്യാന്‍ കഴിയാത്ത ഭക്ഷ്യാവശിഷ്ടങ്ങളും ഉദ്യാനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ശേഖരിക്കാന്‍ ഒരു പ്രത്യേക കൂട കരുതേണ്ടതായി വരും. അതുപോലെ നനവില്ലാത്ത, റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍ എന്നിവയ്ക്കായി മറ്റൊരു കൂടയും കരുതണം. ഇതിനായി ബിന്‍, ബാഗ്, അതല്ലെങ്കില്‍ സ്റ്റാക്കബിള്‍ ബോക്സുകള്‍ എന്നിവ ഉപയോഗിക്കാം.
റീസൈക്ലിംഗ് പ്രക്രിയ കൂടുതല്‍ ലളിതവത്ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണിത്. എന്നിരുന്നാലും, ഓരോ പ്രദേശത്തേയും സാഹചര്യങ്ങളും മറ്റും പരിഗണിച്ച് മാലിന്യ ശേഖരണത്തിന് അനുയോജ്യമായ മാതൃക സ്വീകരിക്കാന്‍ തദ്ദേശ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ടായിരിക്കും. കൂടാതെ ഇംഗ്ലണ്ടില്‍, റീസൈക്ലിംഗ് ചെയ്യാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങളുടെ പട്ടിക ഏകീകരിക്കും.