യുകെയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. അവയവദാതാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് അവയവം സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്‍എച്ച്എസ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റ് കാത്തിരിപ്പ് പട്ടിക പ്രകാരം 8000-ലേറെ പേരാണ് കാത്തിരിക്കുന്നത്. ഇതില്‍ ഏകദേശം 300 കുട്ടികളും ഉള്‍പ്പെടുന്നു. അവയവം ആവശ്യമുള്ള മറ്റൊരു 4000 പേര്‍ പട്ടികയ്ക്ക് പുറത്തുണ്ട്. രോഗബാധ വര്‍ദ്ധിച്ചതും, ഓപ്പറേഷന് എത്താന്‍ കഴിയാത്തതും മൂലം ഇത്രയേറെ പേര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തത്. ഇതോടെ ഏകദേശം 12,000 പേര്‍ ദുരവസ്ഥയിലാണെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് നടത്തിയ ട്രാന്‍സ്പ്ലാന്റുകളുടെ എണ്ണം കുറവായിരുന്നു. ഇതേ സമയത്ത് അവയവം ദാനം ചെയ്തവരുടെ എണ്ണത്തിലും കുറവ് നേരിട്ടു. സ്ഥിതി അതീവ ഗുരുതരമാണെന്ന് എന്‍എച്ച്എസ്ബിടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
2024/25 വര്‍ഷത്തില്‍ 4583 രോഗികളിലാണ് ട്രാന്‍സ്പ്ലാന്റ് നടത്തിയത്. 2023/24 വര്‍ഷത്തെ 4651 പേരില്‍ നിന്നും 2 ശതമാനമാണ് കുറവ്. ദാതാക്കളുടെ എണ്ണത്തില്‍ നാടകീയമായ ഇടിവാണ് നേരിട്ടത്. 2024/25 വര്‍ഷം 1403 പേരാണ് അവയദാനം നടത്താന്‍ തയ്യാറായത്. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 7 ശതമാനം കുറവാണിത്.