ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാരില്‍ 90% പേരും പണിമുടക്കിന് പച്ചക്കൊടി വീശി
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാര്‍ 29% ശമ്പളവര്‍ധന കിട്ടിയില്ലെങ്കില്‍ സേവനം നിര്‍ത്തിവെച്ച് സമരം നടത്താന്‍ അംഗീകാരം നല്‍കി. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയില്‍ ബാലറ്റിംഗ് നടത്തിയപ്പോള്‍ 55% അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 90% പേരും ശമ്പളവര്‍ധന നേടിയെടുക്കാന്‍ പണിമുടക്കിനെ അനുകൂലിച്ചു. റസിഡന്റ് ഡോക്ടര്‍മാര്‍ 29% വര്‍ധനവാണ് ആവശ്യപ്പെടുന്നത്. ഈ നീക്കം എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാരെയും സമയമുഖത്ത് എത്തിക്കാന്‍ പ്രോത്സാഹനമാകും.
ലേബര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് വരെ 11 തവണയാണ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്. 22% ശമ്പളവര്‍ധന അനുവദിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബംപര്‍ നേട്ടവും സമ്മാനിച്ചു. എന്നാല്‍ പുതിയ സമരപ്രഖ്യാപനത്തോടെ സ്ട്രീറ്റിംഗ് സമ്മര്‍ദത്തിലാകും. ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളും നഷ്ടമാക്കാന്‍ സമരം വഴിയൊരുക്കുമെന്ന് എന്‍എച്ച്എസ് മേധാവികള്‍ ഭയക്കുന്നു.
ചൊവ്വാഴ്ച നടന്ന ചര്‍ച്ചകളും ഫലം കണ്ടില്ല. 2025-26 വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിട്ടുള്ള 5.4% വര്‍ധന പിന്‍വലിച്ച് പകരം മെച്ചപ്പെട്ട ഓഫര്‍ മുന്നോട്ട് വെയ്ക്കാനാണ് ബിഎംഎ സ്ട്രീറ്റിംഗിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ കൂടുതല്‍ കൈയയച്ച് സഹായിക്കാന്‍ ഗവണ്‍മെന്റിന് നിലവിലെ സ്ഥിതിയില്‍ സാധിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.
എന്നാല്‍ സമരം ചെയ്യാനുള്ള തങ്ങളുടെ ആത്മവീര്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്നാണ് ബിഎംഎ റസിഡന്റ് ഡോക്ടര്‍ കമ്മിറ്റി കോ-ചെയറുമാര്‍ പ്രഖ്യാപിക്കുന്നത്. ബിഎംഎ വീണ്ടും സമരഭീഷണി മുഴക്കുന്നത് നിരാശാജനകമാണെന്ന് സ്ട്രീറ്റിംഗ് പ്രതികരിച്ചു. എന്‍എച്ച്എസില്‍ നടത്തിയ എല്ലാ മുന്നേറ്റങ്ങളും ഇല്ലാതാക്കാനാണ് ഇത് ഉപകരിക്കുകയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നഴ്‌സുമാര്‍ക്ക് കേവലം 3.6% വര്‍ധനവാണ് അനുവദിച്ചിരിക്കുന്നത്. വിഷയത്തില്‍ അംഗങ്ങള്‍ക്കിടയില്‍ വോട്ടിംഗ് നടക്കുകയാണെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി.