അനധികൃത ജോലിക്കാരെ കണ്ടെത്താന്‍ ഇമിഗ്രേഷന്‍ റെയ്ഡ്; നിരവധി ഇന്ത്യക്കാര്‍ അറസ്റ്റില്‍
യുകെയില്‍ അനധികൃതമായി ജോലി നോക്കുന്നവരെ കണ്ടെത്താനുള്ള ഇമിഗ്രേഷന്‍ റെയ്ഡില്‍ നിരവധി സൈറ്റുകളില്‍ നിന്നായി ഇന്ത്യക്കാരായ തൊഴിലാളികള്‍ പിടിയില്‍. ഇന്ത്യന്‍ ബില്‍ഡര്‍മാരുടെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ നടന്ന റെയ്ഡിലാണ് വ്യാപക അറസ്റ്റ്.
സര്‍ക്കാരിന്റെ ധനസഹായത്തോടെ വീടുകള്‍ നിര്‍മ്മിക്കുന്ന സൈറ്റുകളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായിരുന്നു റെയ്ഡ്.
അനധികൃതമായി ജോലി നല്‍കിയെന്ന് കണ്ടെത്തിയാല്‍ ഒരു തൊഴിലാളികള്‍ക്ക് 60000 പൗണ്ടുവീതം സ്ഥാപനം പിഴ നല്‍കേണ്ടിവരും. ഭാവിയില്‍ കരാര്‍ ഏറ്റെടുക്കുന്നതില്‍ അയോഗ്യതയുമുണ്ടാകും. ചില സാഹചര്യത്തില്‍ അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും.
തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യാനെത്തുന്ന തൊഴിലാളികള്‍ക്ക് നിയമപരമായി ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണ്.
കഴിഞ്ഞാഴ്ച റെയ്ഡില്‍ 20 ഇന്ത്യക്കാര്‍ പിടിയിലായിരുന്നു. ഇതില്‍ 16 പേര്‍ വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവരായിരുന്നു. ഒരാള്‍ അനധികൃതമായി ബ്രിട്ടനിലെത്തിയ വ്യക്തിയും. മറ്റൊരാള്‍ ഒളിവില്‍ കഴിയുന്ന വ്യക്തിയും ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തിയ രണ്ടുപേരും ഉള്‍പ്പെടുന്നു. രാജ്യത്തുടനീളം വ്യാപക റെയ്ഡ് തുടരുകയാണ് ഇമിഗ്രേഷന്‍ വിഭാഗം.