ലണ്ടനിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലിന് മുന്‍പില്‍ പങ്കാളിയുടെ കണ്മുന്നില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നൈറ്റ്‌സ്ബ്രിഡ്ജിലെ ഹാര്‍വി നിക്കോള്‍സ് ഹോട്ടലിന് മുന്‍പില്‍ വെച്ച് ആണ് രണ്ട് കുട്ടികളുടെ പിതാവായ യുവാവിനെ തന്റെ പങ്കാളി നോക്കി നില്‍ക്കെ കുത്തി കൊലപ്പെടുത്തിയത്.
സെന്‍ട്രല്‍ ലണ്ടനിലെ പ്രശസ്തമായ ഡിപ്പാര്‍ട്ട്‌മെന്റിന് എതിര്‍വശത്തുള്ള ഹോട്ടലിന് മുന്നില്‍ വെച്ച് ബ്ലൂ സ്റ്റീവന്‍സ് എന്ന 26 കാരനാണ് കുത്തേറ്റത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന വാച്ച് മോഷ്ടിക്കുന്നതിനായിരുന്നു കൊലപാതകം എന്നതുള്‍പ്പടെ വിവിധ സംശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബുധനാഴ്ച രാത്രി നടന്ന ഈ കേസ് പോലീസ് അന്വേഷിക്കുന്നത്. ആസൂത്രണം ചെയ്തുകൊണ്ടുള്ള കൊലപാതകമാവാം ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
തന്റെ കാമുകിക്ക് ഒപ്പം അത്താഴം കഴിക്കുവാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു സ്റ്റീവെന്‍സ്. അപ്പോഴാണ് മുഖംമൂടി ധരിച്ചെത്തിയ കൊലപാതകി ഇയാളെ ആക്രമിച്ചത്. കത്തിക്കുത്തുകളും കൊള്ളയും നിയന്ത്രിക്കാന്‍ പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം നടന്നത്.
അത്താഴം കഴിഞ്ഞിറങ്ങിയപ്പോഴായിരുന്നു മുഖംമൂടിയണിഞ്ഞെത്തിയ അക്രമി കുത്തിയതെന്ന് പങ്കാളി പറയുന്നു. പിന്നീട് കൈയ്യിലെ വിലകൂടിയ റോളക്സ് വാച്ച് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നും പങ്കാളി പറഞ്ഞു. എന്നാല്‍, മൃതദേഹത്തില്‍ വാച്ച് ഉണ്ടായിരുന്നതിനാല്‍ മോഷണം നടന്നിട്ടില്ല എന്ന് പോലീസ് ഉറപ്പിക്കുകയാണ്.