അസാധാരണ കാലാവസ്ഥയാണ് 2025 ല്‍ യുകെ നേരിടുന്നത്. ഇതുവരെ രേഖപ്പെടുത്തിയിരുന്ന റെക്കോര്‍ഡ് താപനില മറികടന്നായിരുന്നു ഈ വര്‍ഷത്തെ വേനല്‍ക്കാലം. ഇംഗ്ലണ്ടില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂണ്‍. ഇപ്പോള്‍ ഇതാ ജൂലൈ പകുതി ആകുമ്പോഴേക്കും ഈ വര്‍ഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുകയാണ്.
2025-ലെ യുകെയിലെ മൂന്നാമത്തെ ഉഷ്ണതരംഗത്തില്‍ താപനില കുതിച്ചുയര്‍ന്നതിനാല്‍ ഏഴ് ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹോസ്പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി.
മെയ് മുതല്‍ കുടിവെള്ളത്തിന്റെ ആവശ്യം'റെക്കോര്‍ഡ് നിലവാരത്തിലെത്തി' എന്ന് ഹോസ്പൈപ്പ് നിരോധനം ഏര്‍പ്പെടുത്തിയ സൗത്ത് ഈസ്റ്റ് വാട്ടര്‍ പറഞ്ഞു. മേഖലയില്‍ നീണ്ടുനില്‍ക്കുന്ന ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കാരണം മെയ് മുതല്‍ കുടിവെള്ളത്തിന്റെ ആവശ്യം 'റെക്കോര്‍ഡ് നിലവാരത്തിലെത്തി'.
സറേ, ഹാംഷെയര്‍, ബെര്‍ക്ക്‌ഷെയര്‍ എന്നിവയുടെ ചില ഭാഗങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന പടിഞ്ഞാറന്‍ മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൂന്തോട്ടങ്ങള്‍ നനയ്ക്കുക, കാറുകള്‍ കഴുകുക, പാഡ്ലിംഗ് പൂളുകള്‍ നിറയ്ക്കുക തുടങ്ങിയ ചില പ്രവര്‍ത്തനങ്ങളില്‍ ഹോസ്പൈപ്പ് നിരോധനം ഉള്‍പ്പെട്ടേക്കാം, നിരോധനം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാം.
ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) പ്രകാരം, മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിന്റെയും സമുദ്രത്തിന്റെയും കരയുടെയും താപനില വര്‍ധിപ്പിക്കുന്നതിന് കാരണമായി. വ്യാവസായിക യുഗം മുതല്‍ ഹരിതഗൃഹ വാതകങ്ങളുടെ പ്രകാശനം മൂലം ആഗോള താപനില 1.3°C യില്‍ കൂടുതല്‍ വര്‍ധിച്ചു. ഇത് ഒരു ചെറിയ വര്‍ധനവായി തോന്നാമെങ്കിലും, ഇവ ഉഷ്‌ണതരംഗങ്ങള്‍ക്ക് കാരണമായി. പലപ്പോഴും 3-4°C വരെ താപനില ഉയര്‍ത്തുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
2025 ലെ വസന്തകാലത്ത്, യുകെയിലെ താപനില ദീര്‍ഘകാല ശരാശരിയേക്കാള്‍ 1.4°C കൂടുതലായിരുന്നു. വേനല്‍ കാലത്തും താപനില ഉയര്‍ന്ന് തന്നെ നിന്നു. ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില ജൂലൈ 1 ന് കെന്റിലെ ഫാവര്‍ഷാമില്‍ രേഖപ്പെടുത്തിയ 35.8°C ആണ്. 2022 ലെ യുകെയുടെ റെക്കോര്‍ഡായ 40°C യില്‍ താഴെയാണെങ്കിലും ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. എല്‍ നിനോ, ലാ നിന തുടങ്ങിയ പ്രതിഭാസങ്ങളും ആഗോള താപനിലയെ സ്വാധീനിക്കുന്നു.
ഇപ്പോഴത്തെ കാലാവസ്ഥയെ 1976 ലെ വേനല്‍ കാലവുമായാണ് പലരും താരതമ്യം ചെയ്യുന്നത്. അന്ന് സതാംപ്ടണില്‍ 16 ദിവസത്തെ ഉഷ്ണതരംഗമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. നിലവിലെ ഉഷ്ണതരംഗം അടുത്ത ആഴ്ച ആദ്യം വരെ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൂട് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.