തുടര്‍ച്ചയായ രണ്ടാം മാസവും ബ്രിട്ടന്റെ ജിഡിപി നിരക്ക് താഴ്ന്നതായി സ്ഥിരീകരിച്ച് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്. ഏപ്രില്‍ മാസത്തില്‍ 0.3 ശതമാനം ചുരുങ്ങിയ ജിഡിപി മേയ് മാസത്തില്‍ 0.1 ശതമാനം താഴുകയാണ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി വളര്‍ച്ച കുറയുന്നത് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ പരിശ്രമങ്ങള്‍ക്ക് കനത്ത ആഘാതമാണ്.
ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേല്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സമ്മര്‍ദം ഉയരുകയാണ്. തൊഴില്‍ വിപണി ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര ബാങ്ക് സമ്മര്‍ദം നേരിടുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
യുകെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം സംബന്ധിച്ച് ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ് ജിഡിപി കണക്കുകളെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍ ഇംഗ്ലണ്ട് & വെയില്‍സ് ഇക്കണോമിക്‌സ് ഡയറക്ടര്‍ സുരെന്‍ തിരു ചൂണ്ടിക്കാണിച്ചു. യുകെ സമ്പദ് വ്യവസ്ഥയുടെ ഊര്‍ജ്ജം നഷ്ടമായ നിലയിലാണ്, ആഗസ്റ്റില്‍ പലിശ നിരക്ക് കുറയ്ക്കാതെ മറ്റ് മാര്‍ഗ്ഗമില്ല, പണപ്പെരുപ്പം ഉയരുമ്പോഴും ഇത് ഒഴിവാക്കാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വിപണികളും അടുത്ത യോഗത്തില്‍ പലിശകള്‍ 4 ശതമാനത്തിലേക്ക് കുറയാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്. നിലവില്‍ 4.25 ശതമാനത്തിലാണ് ബേസ് റേറ്റ്. വര്‍ഷത്തിന്റെ അവസാനത്തോടെ പലിശ 3.75 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. മോര്‍ട്ട്‌ഗേജുകാര്‍ ഉള്‍പ്പെടെ കടമെടുത്തവര്‍ക്ക് ഈയൊരു മാറ്റം ആശ്വാസകരമാകും.