റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ആര്‍ത്തി മൂലമെന്ന് പൊതുജനം കടുത്ത എതിര്‍പ്പ്
കഴിഞ്ഞ വര്‍ഷം 22% വര്‍ധന കിട്ടിയിട്ടും ഡോക്ടര്‍മാര്‍ അഞ്ചുദിവസം പണിമുടക്കാന്‍ തീരുമാനിച്ചതിനെതിരെ പൊതുജനരോഷം. നാലിലൊന്ന് വോട്ടര്‍മാര്‍ മാത്രം പിന്തുണയ്ക്കുന്ന സമരമായി ഇത് മാറിയിരിക്കുകയാണ്. റസിഡന്റ് ഡോക്ടര്‍മാര്‍ ഇക്കുറി 29 ശതമാനം ശമ്പളവര്‍ധന ആവശ്യപ്പെട്ട് ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതോടെ എന്‍എച്ച്എസില്‍ ആശങ്ക ശക്തമാണ്. ഇതിന്റെ പ്രതിഫലനം എന്നോണം പൊതുജനങ്ങളും ഡോക്ടര്‍മാര്‍ക്ക് എതിരാവുകയാണ്.
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിന് വോട്ടര്‍മാരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് അംഗീകരിക്കുന്നത്. എന്‍എച്ച്എസ് സമരങ്ങള്‍ ജനവിരുദ്ധമായി മാറുന്നതിന്റെ അനന്തരഫലമാണ് ഈ പിന്തുണയിലെ ഇടിവ്.
മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയ വേളയില്‍ പിന്തുണ ലഭിച്ചിരുന്നുവെങ്കിലും ഇക്കുറി സ്ഥിതി വിപരീതമാണ്. കഴിഞ്ഞ വര്‍ഷം 52% പേര്‍ പിന്തുണച്ച സമരത്തിന് കേവലം 26% പിന്തുണ മാത്രമാണ് ഇപ്പോഴുള്ളത്.
ലേബര്‍ ഗവണ്‍മെന്റ് അധികാരമേറ്റതിന് പിന്നാലെ 2024 ജൂലൈയില്‍ 22% ശമ്പളവര്‍ദ്ധനയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയത്. മറ്റ് ജീവനക്കാര്‍ക്ക് 5 ശതമാനത്തിനടുത്ത് വര്‍ദ്ധന മാത്രം നല്‍കിയപ്പോഴാണ് ഇത്. ഈ അവസരത്തിലാണ് വീണ്ടും 29 ശതമാനം ചോദിക്കുന്നതിന്റെ ന്യായം ചോദ്യം ചെയ്യപ്പെടുന്നത്.