ലണ്ടനിലെ സൗത്തെന്‍ഡ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ചെറുയാത്രാവിമാനം തകര്‍ന്നുവീണു തീപിടിച്ചു. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്ന് വ്യക്തമല്ല. അഹമ്മദാബാദിലെ പോലെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയെരിയുകയായിരുന്നു.
നെതര്‍ലന്‍ഡ്‌സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡല്‍ വിമാനമാണ് ടെക്ക് ഓഫ് ചെയ്തതിനു പിന്നാലെ അപകടത്തില്‍പ്പെട്ടത്. ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലുവിമാനം സംഭവത്തെത്തുടര്‍ന്ന് റദ്ദാക്കി.
അപകടസ്ഥലത്തിനടത്തുള്ള റോക്ഫഡ് ഹണ്‍ഡ്രഡ് ഗോള്‍ഫ് ക്ലബ്, വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ് എന്നിവ അടിയന്തരമായി ഒഴിപ്പിച്ചു. 12 മീറ്റര്‍ നീളമുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എസെക്സ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഗോള്‍ഫ് കളിച്ചിരുന്നവര്‍ തകര്‍ന്നടിഞ്ഞ വിമാനത്തിനടുത്തേക്ക് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനം ആളിക്കത്തുന്നതും തീജ്വാലകള്‍ക്കൊപ്പം കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്. കത്തിയെരിയുന്ന അഗ്‌നിഗോളത്തിനടുത്തെത്താനാകാതെ ഗോള്‍ഫ് കളിക്കാര്‍ ഭയചകിതരായി അത് നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വിമാനത്തിനകത്ത് എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല, എന്നാല്‍, 31 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ വിമാനത്തില്‍ പരമാവധി 12 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയും.