ഈ വര്‍ഷത്തെ മൂന്നാമത്തെ ഉഷ്ണ തരംഗത്തില്‍ യുകെയിലെ താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നതോടെ കര്‍ഷകരോട് വിളകള്‍ക്കുള്ള ജലസേചനം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. കിഴക്കന്‍ ആംഗ്ലിയയിലെ കര്‍ഷകരോടാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിളകള്‍ക്കുള്ള ജലസേചനം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. വെള്ളത്തിന്റെ മറ്റു തരത്തിലുള്ള ഉപയോഗങ്ങള്‍ പക്ഷെ വിലക്കിയിട്ടില്ല.
ശനിയാഴ്ച ഹിയര്‍ഫോര്‍ഡ്ഷയറിലെ റോസ്സ് ഓണ്‍ വൈയില്‍ 33 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതിനു ശേഷം ഇന്നലെ താപനില 30 ഡിഗ്രിയില്‍ എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ കനത്ത ചൂടില്‍ ഇംഗ്ലണ്ടിലെ ജല സംഭരണികളില്‍ പലതും വരണ്ടു തുടങ്ങി. പലതിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഏറ്റവും കുറഞ്ഞ ജല നിരപ്പാണുള്ളത്. ഈ സാഹചര്യത്തിലാണ് യോര്‍ക്ക്ഷയറിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലൂമായി 60 ലക്ഷം കുടുംബങ്ങള്‍ക്ക് ഹോസ്‌പൈപ്പ് ഉപയോഗിക്കുന്നതില്‍ വിലക്കു കല്‍പ്പിച്ചിട്ടുള്ളത്.
ഹോസ്‌പൈപ്പ് നിരോധനത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, ഒരു മുന്നറിയിപ്പും നല്‍കാതെയാണ് കര്‍ഷകര്‍ക്ക് ജലസേചനത്തിനുള്ള വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. എന്‍വിറോണ്‍മെന്റ് ഏജന്‍സിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കര്‍ഷകരെ രോഷാകുലരാക്കി. ഇത്തരമൊരു നീക്കം ഭക്ഷ്യ സുരക്ഷയെ, പ്രത്യേകിച്ചും രാജ്യത്തെ പ്രധാന കാര്‍ഷിക മേഖലയായ കിഴക്കന്‍ ആംഗ്ലിയയിലെ ഭക്ഷ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയും ശക്തമാണ്.
എസ്സെക്സിലെ ചില ഭാഗങ്ങള്‍, നോര്‍ഫോക്ക്, കെംബ്രിഡ്ജ്ഷയര്‍ എന്നിവയുള്‍പ്പെടുന്ന എലി ഔസ് കാച്ച്‌മെന്റില്‍ പെടുന്ന 240 ഓളം കര്‍ഷകരെയാണ് ഇത് ബാധിക്കുക. ഈ മേഖലയില്‍ ഔദ്യോഗികമായ വരള്‍ച്ച പ്രഖ്യാപിക്കുകയോ ഹോസ്‌പൈപ്പ് നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. അത്തരം സാഹചര്യത്തില്‍, കൃഷിക്കാവശ്യമായ ജലസേചനം മാത്രം നിരോധിക്കുന്നത് വിവേചനമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
2025 ലെ വസന്തകാലത്ത്, യുകെയിലെ താപനില ദീര്‍ഘകാല ശരാശരിയേക്കാള്‍ 1.4°C കൂടുതലായിരുന്നു. വേനല്‍ കാലത്തും താപനില ഉയര്‍ന്ന് തന്നെ നിന്നു. ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില ജൂലൈ 1 ന് കെന്റിലെ ഫാവര്‍ഷാമില്‍ രേഖപ്പെടുത്തിയ 35.8°C ആണ്. 2022 ലെ യുകെയുടെ റെക്കോര്‍ഡായ 40°C യില്‍ താഴെയാണെങ്കിലും ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. എല്‍ നിനോ, ലാ നിന തുടങ്ങിയ പ്രതിഭാസങ്ങളും ആഗോള താപനിലയെ സ്വാധീനിക്കുന്നു.
ഇപ്പോഴത്തെ കാലാവസ്ഥയെ 1976 ലെ വേനല്‍ കാലവുമായാണ് പലരും താരതമ്യം ചെയ്യുന്നത്. അന്ന് സതാംപ്ടണില്‍ 16 ദിവസത്തെ ഉഷ്ണതരംഗമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. നിലവിലെ ഉഷ്ണതരംഗം അടുത്ത ആഴ്ച ആദ്യം വരെ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൂട് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.