അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹന വിപണിയില്‍ കൂടുതല്‍ പേര്‍ പ്രവേശിക്കുന്നതിനുള്ള പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്ന് യുകെ സര്‍ക്കാര്‍. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടര്‍ വ്യക്തമാക്കി.
ഇവിയുടെ വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍, ഡ്രൈവര്‍മാര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് ഗ്രാന്റുകള്‍ വാഗ്ദാനം ചെയ്യുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഹെയ്ഡി അലക്സാണ്ടറോ ഗതാഗത വകുപ്പോ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കൗണ്‍സിലുകള്‍ക്ക് 25 പൗണ്ട് ബില്യണ്‍ അനുവദിച്ചുകൊണ്ട് കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള സര്‍ക്കാരിന്റെ നയത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. എന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ വിലകൂടിയ ഇലക്ട്രിക് വാഹനങ്ങള്‍ മേടിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതായുള്ള ആരോപണവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഉന്നയിച്ചിട്ടുണ്ട് .
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് ആളുകള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതാക്കുന്നത് എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ മന്ത്രി വിസമ്മതിച്ചു. യുകെയില്‍ ഒരു പുതിയ ഇവിയുടെ ശരാശരി വില 22,000 പൗണ്ട് ആണ്. ഇത് ഒരു സാധാരണ പെട്രോള്‍ കാറിന്റെ വിലയുടെ ഇരട്ടിയാണ്. എന്നിരുന്നാലും ചൈനീസ് ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്ന ചില ഇലക്ട്രിക് കാറുകള്‍ 18,000 പൗണ്ട് വരെ വിലയ്ക്ക് യുകെ വിപണിയില്‍ വില്‍ക്കുന്നുണ്ട്.
യുകെ മോട്ടോര്‍ ട്രേഡ് അസോസിയേഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളില്‍ അഞ്ചിലൊന്ന് ഇലക്ട്രിക് ആയിരുന്നു. എന്നിരുന്നാലും 2030 ല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വില്‍ക്കുന്നതിനുള്ള നിരോധനത്തിന് മുമ്പ് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ട്.
വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഉയര്‍ന്ന ചിലവാണ് മിക്കവരെയും ഇലക്ട്രിക് വാഹന വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്. യുകെ സര്‍ക്കാരിന്റെ ഇളവുകളും പ്രോത്സാഹനവും അതിനു എത്രമാത്രം സഹായകരമാവും എന്ന് കണ്ടുതന്നെ അറിയണം.