യു.കെ.വാര്‍ത്തകള്‍

ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക സന്ദര്‍ശനത്തിനായി വീണ്ടും യുകെയിലേക്ക്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനില്‍ വീണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ മൂന്നു ദിവസമാണ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അതിഥിയായി പ്രസിഡന്റ് വിന്‍സര്‍ കൊട്ടാരത്തിലെത്തുക. ഇതു രണ്ടാം തവണയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെര്‍ നേരിട്ടും വിന്‍സര്‍ കൊട്ടാരം ഔദ്യേഗികമായും സന്ദര്‍ശനത്തിനായി പലവട്ടം ട്രംപിനെ ക്ഷണിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പ്രസിഡന്റിന്റെ വരവ്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പമാകും പ്രസിഡന്റിന്റെ സന്ദര്‍ശനം. രാജാവിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് പ്രധാന ചര്‍ച്ചകളും താമസവും വിരുന്നും വിന്‍സര്‍ കാസിലേക്ക് മാറ്റിയത്.

ആദ്യവട്ടം പ്രസിഡന്റായിരുന്നപ്പോള്‍ 2019ല്‍ എലിസബത്ത് രാജ്ഞിയുടെ അതിഥിയായി ട്രംപ് ബക്കിങ്ങാം കൊട്ടാരത്തില്‍ എത്തിയിട്ടുണ്ട്. സാധാരണ രണ്ടാം ടേമില്‍ പ്രസിഡന്റാകുന്നവരെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കൊട്ടാരം ക്ഷണിക്കാറില്ല. പകരം ഡിപ്ലോമാറ്റിക് സന്ദര്‍ശനത്തിനിടെ രാജാവോ രാജ്ഞിയോ ഒത്തുള്ള ഉച്ചക്ഷണ വിരുന്ന് മാത്രമാണ് നല്‍കാറുള്ളത്. ഈ കീഴ്വഴക്കം മാറ്റിവച്ചാണ് ട്രംപിന് രണ്ടാംവട്ടവം ഔദ്യോഗിക സന്ദര്‍ശനത്തിന് ബ്രിട്ടന്‍ അവസരം ഒരുക്കുന്നത്. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഇനിയും കൊട്ടാരം വൃത്തങ്ങള്‍ പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല. എങ്കിലും സെറിമോണിയല്‍ വെല്‍കം, വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ഹാളിലുള്ള ഔദ്യോഗിക വിരുന്ന് എന്നിവ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നാം കിരീടാവകാശിയായ വില്യം രാജകുമാരനും മറ്റു രാജകുടുംബാംഗങ്ങളും പങ്കെടുക്കുന്ന വിരുന്നില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും അണിനിരക്കും.

കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോയും ഭാര്യയും വിന്‍സര്‍ കൊട്ടാരത്തില്‍ ഔദ്യോഗിക അതിഥികളായി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ട്രംപും എത്തുന്നത്. 2019ല്‍ ബ്രിട്ടനിലെത്തിയപ്പോള്‍ അതിശക്തമായ ജനരോഷമാണ് ട്രംപിന് നേരിടേണ്ടി വന്നത്. ട്രംപിന്റെ ബ്രക്‌സിറ്റ് അനുകൂല നിലപാടുകളും സ്ത്രീവിരുദ്ധ നടപടികളും ലണ്ടന്‍ നഗരത്തെ മോശമായി ചിത്രീകരിച്ച് നടത്തിയ പരാമര്‍ശങ്ങളുമെല്ലാം അദ്ദേഹത്തിന് വിനയായി. മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ള പല ലേബര്‍ നേതാക്കളും ട്രംപിനെതിരേ അതിശക്തമായ പ്രതിഷേധവും വിമര്‍ശനവുമാണ് അന്ന് ഉന്നയിച്ചത്. ഇപ്പോള്‍ ലേബര്‍ അധികാരത്തിലായതിനാല്‍ അത്തരം പ്രതിഷേധങ്ങള്‍ക്ക് സാധ്യതയില്ല. എങ്കിലും പലവിധത്തിലുള്ള പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും അദ്ദേഹത്തിന് നേരിടേണ്ടി വരും എന്നത് ഉറപ്പാണ്. സ്‌കോട്ട്‌ലന്‍ഡില്‍ സ്വന്തമായി ഗോള്‍ഫ് ക്ലബുള്ള ട്രംപ് ഈ മാസം അവസാനം സ്‌കോട്ട്‌ലന്‍ഡില്‍ സ്വകാര്യ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്. അബര്‍ഡീന്‍ഷെയറിലെ പുതിയ ഗോള്‍ഫ് കോഴ്‌സിന്റെ ഉദ്ഘാടനത്തിനായാണിത്. ഇതിന്റെ തുടര്‍ച്ചയായാകും ഔദ്യോഗിക സന്ദര്‍ശനം.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions