യു.കെ.വാര്‍ത്തകള്‍

ടാറ്റയുടെ ഉരുക്കിന് പിന്തുണയുമായി യുകെ,500 മില്യണ്‍ പൗണ്ട് ഗ്രാന്റ് നല്‍കി

ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഫര്‍ണസ് പരിഷ്‌കരിക്കുന്നതിന് യുകെ സര്‍ക്കാര്‍ വന്‍ പിന്തുണയാണ് കൊടുത്തത്. 500 മില്യണ്‍ പൗണ്ട് യുകെ ഗവണ്‍മെന്റ് ഗ്രാന്റായി നല്‍കി. രാജ്യം പുതിയ ഉരുക്കുനയം രൂപപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഗ്രാന്റ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇതോടെ പോര്‍ട്ട് ടാല്‍ബോട്ടിലെ ടാറ്റ സ്റ്റീല്‍ വര്‍ക്ക്‌സില്‍ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസിന്റെ നിര്‍മാണം തുടങ്ങി. 5,000 തൊഴിലവസരങ്ങളാണ്. ഇതുവഴി സംരക്ഷിക്കപ്പെടുന്നത്. ടാറ്റ പഴയ ബ്ലാസ്റ്റ് ഫര്‍ണസുകള്‍ പൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. ഇലക്ട്രിക് ഫര്‍ണസിലേക്ക് മാറുന്നത് കരിമ്പുക നിര്‍ഗ്ഗമനം വെറും 10 ശതമാനത്തിലേക്ക് കുറയ്ക്കും. 2.5 ബില്യണ്‍ പൗണ്ട് വരെ നിക്ഷേപമാണ് വരാനിരിക്കുന്ന ഉരുക്ക് നയം പ്രാവര്‍ത്തികമാക്കാനായി യുകെ ഇറക്കുക. ഈ നയം അന്തിമമാക്കുന്നതിനു മുന്നോടിയായി ഇന്ന് രാവിലെ വ്യവസായ മന്ത്രി സാറാ ജോണ്‍സ് കാര്‍ഡിഫിലെ സ്റ്റീല്‍ കൗണ്‍സിലിന്റെ യോഗത്തിന് അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷ് സ്റ്റീല്‍, യുകെ സ്റ്റീല്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ പ്രധാനികളുമായി കൂടിയാലോചനകള്‍ നടത്തും.

ഈ നീക്കം യുകെയുടെ ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്സ് പ്രതികരിച്ചു. ഇതൊരു പുതിയ തുടക്കമാണെന്നും, സുസ്ഥിരമായ ഒരു ഭാവിക്കുള്ള അടിത്തറയാണെന്നും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. പോര്‍ട്ട് ടാല്‍ബട്ടിന്റെ ഭാവി സുരക്ഷിതമാക്കാന്‍ യുകെ സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടെന്നതിന്റെ സൂചകമായാണ് ഈ നിക്ഷേപത്തെ വെയില്‍സ് സെക്രട്ടറി ജോ സ്റ്റീവന്‍സ് വിശേഷിപ്പിച്ചത്. പുതിയ സ്റ്റീല്‍ ഫാക്ടറി വരുന്നത് പോര്‍ട്ട് ടാല്‍ബട്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.

യുകെയിലെ സ്റ്റീല്‍ വ്യവസായത്തെ സഹായിക്കാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് വരികയാണ്. ഉരുക്ക് ഉല്‍പ്പാദകര്‍ക്ക് ഊര്‍ജ്ജ ചെലവ് കുറയ്ക്കാനുള്ള നയം രൂപീകരിക്കാന്‍ പദ്ധതിയുണ്ട്. ഉരുക്ക് വ്യവസായത്തെ ഇറക്കുമതിയില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമങ്ങള്‍ ശക്തമാക്കും. പൊതു നിര്‍മ്മാണ പദ്ധതികളില്‍ യുകെ സ്റ്റീല്‍ ഉപയോഗിക്കാന്‍ നിയമം കൊണ്ടുവരും. യുഎസുമായി ചേര്‍ന്ന് സ്റ്റീലിനും അലുമിനിയത്തിനുമുള്ള 25% നികുതി ഒഴിവാക്കും. ഇതിന്റെയെല്ലാം ഭാഗമായാണ് ടാറ്റ സ്റ്റീലിന് 500 മില്യണ്‍ പൗണ്ട് ധനസഹായം നല്‍കുന്നതും, പോര്‍ട്ട് ടാല്‍ബോട്ടില്‍ പുതിയ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് നിര്‍മ്മിക്കുന്നതും. ആ ഫണ്ടിങ്ങിനെ ഒരു വ്യാവസായിക തന്ത്രമായാണ് ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് കാണുന്നത്. വെല്‍ഷ് സ്റ്റീല്‍ വ്യവസായത്തിന് ഇതൊരു നല്ല വാര്‍ത്തയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടേതടക്കം ആയിരക്കണക്കിന് തൊഴിലുകള്‍ നിലനില്‍ക്കുമെന്ന് ഉറപ്പായി. സ്റ്റീല്‍ വ്യവസായത്തിന്റെ ശോഭനമായ ഭാവിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ബ്രിട്ടീഷ് വ്യവസായത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം മുമ്പോട്ടു വെച്ചു.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions