റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്, നിഗല്‍ ഫരാഗിനുള്ള സമ്മാനമെന്ന് ഹെല്‍ത്ത് സെക്രട്ടറി
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗിനുള്ള സമ്മാനമായി മാറുമെന്ന് മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ജൂലൈ 25 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാന്‍ ഒരാഴ്ച മാത്രമാണ് ബാക്കി. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ ഒരുങ്ങവെയാണ് മുന്നറിയിപ്പ്.
എന്‍എച്ച്എസിനെ രക്ഷിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ലേബറെന്ന് ഹെല്‍ത്ത് സെക്രട്ടറി എംപിമാരോട് പറഞ്ഞു. ലേബര്‍ പരാജയപ്പെട്ടാല്‍ ഇതിന് പകരം ഇന്‍ഷുറന്‍സ് സ്റ്റൈല്‍ സിസ്റ്റം വേണമെന്ന് ഫരാഗ് വാദിക്കുമെന്ന് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു.
ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ അഞ്ച് ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തിലാണ് സ്ട്രീറ്റിംഗ് വിഷയം അവതരിപ്പിച്ചത്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനും, എന്‍എച്ച്എസിനെ ശരിയായ ദിശയിലേക്ക് നീക്കാനും ശ്രമിക്കുമ്പോഴാണ് പണിമുടക്ക്. തീവ്രവലത് പാര്‍ട്ടികള്‍ക്ക് ഇതിലും വലിയ അവസരം ലഭിക്കാനില്ല. ലേബര്‍ പരാജയപ്പെട്ടാല്‍ ഫരാഗും സംഘവും ഇന്‍ഷുറന്‍സ് രീതിക്കായി വാദം തുടങ്ങും. ഈ പോരാട്ടത്തില്‍ തോല്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, സ്ട്രീറ്റിംഗ് വ്യക്തമാക്കി.
29 ശതമാനം ശമ്പളവര്‍ധനവാണ് ഇക്കുറി ഡോക്ടര്‍മാരുടെ ആവശ്യം. 5.4% വര്‍ധനവാണ് ഗവണ്‍മെന്റ് ഓഫര്‍. കഴിഞ്ഞ രണ്ട് വര്‍ഷം 22 ശതമാനത്തിലേറെ വര്‍ധന ലഭിച്ച ശേഷമാണ് ഈ ആവശ്യം. യൂണിയന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ലേബറിന് ഇപ്പോള്‍ സമരം പ്രഖ്യാപിച്ചത് കനത്ത തിരിച്ചടിയാണ്.