ചൂടുള്ള കാലാവസ്ഥയും കായിക മത്സരങ്ങളും മൂലം ജൂണില്‍ യുകെയിലെ റീട്ടെയില്‍ വിപണിയില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടായി. മെയ് മാസത്തിലെ കുത്തനെയുള്ള ഇടിവിന് ശേഷമാണ് ഈ കുതിപ്പ്. ചൂടുള്ള കാലാവസ്ഥയും കായിക മത്സരങ്ങളും ജനങ്ങളെ വൈദ്യുത ഫാനുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ക്കായി കൂടുതല്‍ ചെലവഴിക്കാന്‍ പ്രേരിപ്പിച്ചു. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം റീട്ടെയില്‍ വില്‍പ്പനയില്‍ 3.1% കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
മെയ് മാസത്തില്‍ വില്‍പ്പനയില്‍ 2.7% കുത്തനെ ഇടിവ് ഉണ്ടായതായി ബിആര്‍സി റിപ്പോര്‍ട്ടില്‍ കാണാം. ഇതിന് ശേഷമാണ് വിപണിയില്‍ ഒരു തിരിച്ച് വരവ് ഉണ്ടായിരിക്കുന്നത്. സമ്പദ് വ്യവസ്ഥയിലുള്ള മാറ്റവും സൂപ്പര്‍ മാര്‍ക്കറ്റുകളുടെ മോശം പ്രകടനകളുമാണ് ഇടിവിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ചൂടുള്ള കാലാവസ്ഥ, പ്രമോഷണല്‍ ഓഫറുകള്‍, വിംബിള്‍ഡണ്‍ പോലുള്ള പരിപാടികളുടെ തുടക്കം എന്നിവ മാര്‍ക്കറ്റുകളെ വലിയ തോതില്‍ സഹായിച്ചതായി ബിആര്‍സി പറയുന്നു.
ഭക്ഷ്യ വില്‍പ്പനയില്‍ വര്‍ഷം തോറും 4.1% വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ആളുകള്‍ കൂടുതല്‍ വാങ്ങുന്നതിനേക്കാള്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്. ജൂണില്‍ പുരോഗതി ഉണ്ടായിട്ടും, പണപ്പെരുപ്പം, നികുതി വര്‍ധനവ്, ഉയര്‍ന്ന ബില്ലുകള്‍ എന്നിവ മൂലമുണ്ടായ ഉയര്‍ന്ന ജീവിത ചെലവുകള്‍ പല കുടുംബങ്ങളും ഇപ്പോഴും നേരിടുന്നു.
യുകെ കാര്‍ഡ് ഇടപാടുകളുടെ ഏകദേശം 40% കൈകാര്യം ചെയ്യുന്ന ബാര്‍ക്ലേസില്‍ നിന്നുള്ള ഡേറ്റ പ്രകാരം ജൂണില്‍ മൊത്തത്തിലുള്ള കാര്‍ഡ് ചെലവ് 0.1% കുറഞ്ഞു. ഭക്ഷണവും ഇന്ധനവും ഉള്‍പ്പെടെയുള്ള ആവശ്യ ചെലവുകള്‍ 2.1% കുറഞ്ഞു.
2025 ലെ വസന്തകാലത്ത്, യുകെയിലെ താപനില ദീര്‍ഘകാല ശരാശരിയേക്കാള്‍ 1.4°C കൂടുതലായിരുന്നു. വേനല്‍ കാലത്തും താപനില ഉയര്‍ന്ന് തന്നെ നിന്നു. ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില ജൂലൈ 1 ന് കെന്റിലെ ഫാവര്‍ഷാമില്‍ രേഖപ്പെടുത്തിയ 35.8°C ആണ്. 2022 ലെ യുകെയുടെ റെക്കോര്‍ഡായ 40°C യില്‍ താഴെയാണെങ്കിലും ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. എല്‍ നിനോ, ലാ നിന തുടങ്ങിയ പ്രതിഭാസങ്ങളും ആഗോള താപനിലയെ സ്വാധീനിക്കുന്നു.
ഇപ്പോഴത്തെ കാലാവസ്ഥയെ 1976 ലെ വേനല്‍ കാലവുമായാണ് പലരും താരതമ്യം ചെയ്യുന്നത്. അന്ന് സതാംപ്ടണില്‍ 16 ദിവസത്തെ ഉഷ്ണതരംഗമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.