കഴിഞ്ഞ ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ധന വരുത്തിയത് യുകെയില്‍ തൊഴില്‍ ഇല്ലായ്മ നിരക്ക് കുതിച്ചുയരുന്നതിന് ഇടയാക്കി. ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നു. ഇതോടൊപ്പം ശമ്പള വര്‍ധനവ് നിരക്ക് കുറഞ്ഞതായും ആണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള 3 മാസങ്ങളിലെ വാര്‍ഷിക ശമ്പള വളര്‍ച്ചാ നിരക്ക് 5% ആയാണ് കുറഞ്ഞത്. രാജ്യത്തിന്റെ തൊഴിലില്ലായ്മയെ ചൂണ്ടികാണിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ടത് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് ആണ്.
വേതന വളര്‍ച്ചാ മുരടിപ്പിനൊപ്പം തൊഴിലില്ലായ്മ നിരക്കും കൂടി. 4.7% ആയി ആണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്. നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. യുകെയില്‍ പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. 2024 ജനുവരിക്ക് ശേഷം ഏറ്റവും വലിയ കുതിച്ചു കയറ്റമാണ് പണപ്പെരുപ്പത്തില്‍ ഉണ്ടായത്. ജൂണ്‍ മാസത്തില്‍ വിലകള്‍ കുതിച്ച് ഉയര്‍ന്നതാണ് പണപ്പെരുപ്പം 3.6 ആയി കുതിച്ചുയരാന്‍ കാരണമായത്.
പണപ്പെരുപ്പം ഉയര്‍ന്നതും വേതന വളര്‍ച്ച മുരടിച്ചതും തൊഴില്‍ ഇല്ലായ്മ നിരക്ക് കുറഞ്ഞതും അടുത്ത ആഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അവലോകന യോഗത്തെ സ്വാധീനിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് തൊഴില്‍ വിപണി പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയ്ക്ക് സമാനമായ സൂചനകള്‍ ഈ ആഴ്ച ആദ്യം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി നല്‍കിയിരുന്നു.
അതേസമയം, തൊഴില്‍ ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ ആണ് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതിന് കാരണമെന്ന അഭിപ്രായം ശക്തമാണ്. ചാന്‍സിലര്‍ റേച്ചല്‍ റീവ്സ് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധന പ്രഖ്യാപിച്ചതിന് ശേഷമുള്ള എട്ടില്‍ ഏഴ് മാസങ്ങളിലും തൊഴിലില്ലായ്മ കൂടിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ വലിയ തിരിച്ചടി നേരിടുകയും ജീവനക്കാരെ ഒഴിവാക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ഥിതിവിശേഷവും ഉണ്ടായി. മലയാളികള്‍ അടക്കമുള്ള ചെറുകിട സംരംഭകര്‍ക്ക് ഇത് വലിയ തിരിച്ചടിയായി.