കോവിഡ് വ്യാപനം തീവ്രതയില്‍ നില്‍ക്കുന്ന സമയത്ത് ആശുപത്രിയിലെ പി പി ഇ കിറ്റുകള്‍ മോഷ്ടിച്ച് മറിച്ചു വിറ്റ കേസില്‍ ഒരു ഡോക്ടര്‍ക്കും ഭര്‍ത്താവിനും 10 മാസത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചു. 2020 ഒക്ടോബര്‍ 7 ന് എന്‍ എച്ച് എസ്സിലെ ഉപയോഗത്തിനായി കൊണ്ടുവന്ന പി പി ഇ കിറ്റുകള്‍ മറിച്ചു വിറ്റതായി അത്തിത്ത ഷെയ്ഖും ഒമര്‍ ഷെയ്ഖും കോടതിയില്‍ സമ്മതിച്ചു. ഇത് വിറ്റ് ഏകദേശം 8000 പൗണ്ടോളം ഇവര്‍ സമ്പാദിച്ചതായും കോടതി കണ്ടെത്തി. ഫേസ് മാസ്‌ക്കുകള്‍, കൈയ്യുറകള്‍, വൈപ്പുകള്‍ എന്നിവ ഇ ബേ വഴിയായിരുന്നു ഇവര്‍ മറിച്ചു വിറ്റത്. ആ സമയത്ത് ഇത്തരത്തിലുള്ള സുരക്ഷോപകരണങ്ങള്‍ക്ക് ആശുപത്രി വലിയ ക്ഷാമം നേരിടുകയുമായിരുന്നു.
കഴഞ്ഞ ദിവസം വിചാരണയ്ക്കായി പൈസ്ലി ഷെറീഫ് കോടതിയിലെത്തിയ ഇവരെ ജയിലിലടക്കുകയായിരുന്നു. കുറ്റസമ്മതം നടത്തിയതിനാല്‍ 12 മാസത്തെ ജയില്‍ ശിക്ഷ 10 മാസമായി ചുരുക്കുകയായിരുന്നു. എന്‍ എച്ച് എസില്‍ നിന്നും മോഷ്ടിക്കപ്പെട്ട പി പി ഇ കിറ്റുകളാണ് കൈവശമുള്ളത് എന്ന കാര്യം ഭര്‍ത്താവിനും ഭാര്യയ്ക്കും അറിയാമായിരുന്നു എന്ന് ഷെറീഫ് നിരീക്ഷിച്ചു. ലോകം ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഈ മോഷണം നടന്നത്. ആ സമയം ഏറെ ആവശ്യമായിരുന്ന പി പി ഇ കിറ്റുകളാണ് ഇവര്‍ മോഷ്ടിച്ചതും, ഷെറീഫ് സുഖ്വീന്ദര്‍ ഗില്‍ പറഞ്ഞു. മാത്രമല്ല, സുരക്ഷോപകരണങ്ങളുടെ കാര്യത്തില്‍ എന്‍ എച്ച് എസ് പ്രതിസന്ധിയിലുമായിരുന്നു.
2020 ജൂലൈയില്‍, പി പി ഇ കിറ്റുകള്‍ മോഷ്ടിച്ച് മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട സംശയത്തില്‍ എന്‍ എച്ച് എസ് കൗണ്ടര്‍ ഫ്രോഡ് സര്‍വ്വീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതികളുമായി ബന്ധപ്പെട്ട നാല് വ്യത്യസ്ത ഇ ബേ അക്കൗണ്ടുകള്‍ കണ്ടെത്തിയത്. മെഡിക്കല്‍ ഗ്ലൗസും, മാസ്‌ക്കുകളും ഉള്‍പ്പടെയുള്ളവ ഇ ബെ വഴി വിറ്റ് ദമ്പതികള്‍ 7,827 പൗണ്ട് സമ്പാദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസും എന്‍ എച്ച് എസ് കൗണ്ടര്‍ ഫ്രോഡ് സര്‍വ്വീസും സംയുക്തമായി ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പി പി ഇ കിറ്റുകളുടെ 121 പെട്ടികള്‍ കണ്ടെത്തിയിരുന്നു. ആ സമയത്ത് അത്തിത്ത ഷെയ്ഖ്, തെക്കന്‍ ലങ്കാഷയറിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു.