ലണ്ടന്‍: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അനധികൃതമായി മദ്യം വാങ്ങി കഴിച്ച് വിമാനത്തില്‍ ബഹളം കലഹമുണ്ടാക്കിയതിന് കൗമാരക്കാര്‍ ഹീത്രുവില്‍ അറസ്റ്റിലായി.ഒന്‍പത് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വെര്‍ജിന്‍ ജെറ്റില്‍ ഇത്തരത്തില്‍ കുടിച്ച് കൂത്താടിയതിന് ഹീത്രൂവില്‍ അറസ്റ്റിലായത്. 17 ഉം 18 ഉം വയസുള്ള വിദ്യാര്‍ത്ഥികള്‍ ഒരു സ്‌കൂള്‍ ട്രിപ്പിലായിരുന്നു അവരുടേ വിമാനത്തിനുള്ളിലെ പാനീയം ആല്‍ക്കഹോള്‍ ആക്കി ടോപ് അപ് ചെയ്തതും വിമാനം 30,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ മദ്യപിച്ച് ബഹളം വെച്ചതും.
കുപിതരായ അധ്യാപകര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കും അവരെ നിയന്ത്രിക്കാനായില്ല. 20 വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘത്തിലെ ഒന്‍പത് പേരായിരുന്നു കുഴപ്പക്കാര്‍. ഇതോടെ ക്യാപ്റ്റന്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെ വെര്‍ജിന്‍ ഫ്‌ലൈറ്റ് വി എസ് 008 ടെര്‍മിനല്‍ 3ല്‍ എത്തിയപ്പോള്‍ വലിയൊരു പോലീസ് സന്നാഹം അവിടെ കാത്തു നില്‍ക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ ലഹളയുണ്ടാക്കിയ എട്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു.
പിന്നീട് അവരെ ഹീത്രൂവിലെ പോളാര്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സെല്ലിലടച്ചു. മദ്യലഹരിയും ഹാംഗ്ഓവറും മാറി പിറ്റേന്നാണ് അവര്‍ ഉണര്‍ന്നത്. ഏന്നാല്‍, പോലീസ് അവര്‍ക്ക് മേല്‍ കേസുകളൊന്നും ചാര്‍ജ്ജ് ചെയ്തില്ല. ഉടനടി അവരെ അമേരിക്കന്‍ മണ്ണിലേക്ക് തിരിച്ചു വിടാനായിരുന്നു പോലീസ് നിര്‍ദ്ദേശം നല്‍കിയത്. ഒരു ഒഴിവുകാലം നഷ്ടപ്പെട്ടതു തന്നെ അവര്‍ക്കുള്ള ശിക്ഷയാകുമെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍, വെര്‍ജിന്‍ അവരെ തിരിച്ചു കൊണ്ടുപോകാന്‍ വിസമ്മതിച്ചു. റിട്ടേണ്‍ ടിക്കറ്റ് എടുത്തതിനാല്‍, വെര്‍ജിന് അവരെ തിരിച്ചെത്തിക്കാന്‍ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയതോടെ ഒന്‍പത് പേരെയും ഒന്നിച്ചു കൊണ്ടുപോകാതെ ഒന്‍പത് വ്യത്യസ്ത വിമാനങ്ങളില്‍ അമേരിക്കയിലെ വ്യത്യസ്ത ഇടങ്ങളിലേക്ക് അയയ്ക്കുകയായിരുന്നു.