യുകെയ്ക്ക് തലവേദനയായി അനധികൃത കുടിയേറ്റക്കാരുടെ വരവ് കൂടുന്നു. ഫ്രാന്‍സുമായി ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരുടെ വരവ് തടയാന്‍ കൊണ്ടുവന്ന പദ്ധതികള്‍ വിജയിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്ന് ബോട്ടുകളില്‍ എത്തിയവരുടെ എണ്ണമേറുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം അമ്പതു ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.
2025 ല്‍ ഇതുവരെ 21000 പേരാണ് ഇംഗ്ലീഷ് ചാനല്‍ കടന്ന് എത്തിയത്. അനധികൃത കുടിയേറ്റക്കാരെ തടയുന്നത് പരാജയപ്പെട്ടതോടെ വീണ്ടും വിമര്‍ശനമുയരുകയാണ്.
ബോട്ടുകളില്‍ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചടയ്ക്കാനുള്ള കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചിരുന്നു. ഫ്രാന്‍സിലേക്ക് തിരിച്ചയക്കുമ്പോള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ എണ്ണം അഭയാര്‍ത്ഥികളെ ഫ്രാന്‍സില്‍ നിന്ന് യുകെയും സ്വീകരിക്കും.ആഴ്ചയില്‍ 50 പേരെ വരെ തിരിച്ചയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 മുതല്‍ 170000ല്‍ അധികം പേര്‍ ചെറിയ ബോട്ടുകളില്‍ യുകെയിലെത്തിയിട്ടുണ്ട്.