സ്റ്റേറ്റ് പെന്‍ഷന്റെ വലുപ്പം കുറയും, ജോലി ചെയ്യുന്നവര്‍ക്ക് കനത്ത തിരിച്ചടി- റിവ്യൂ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ സെക്രട്ടറി
ബ്രിട്ടനില്‍ ജോലി ചെയ്യുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി സ്റ്റേറ്റ് പെന്‍ഷന്റെ വലുപ്പം കുറയും. കൂടാതെ അത് ലഭിക്കാനായി കൂടുതല്‍ കാലം ജോലി ചെയ്യേണ്ടി വരികയും ചെയ്യുമെന്നതാണ് അവസ്ഥ.
വെല്‍ഫെയര്‍ സെക്രട്ടറി ലിസ് കെന്‍ഡാല്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം സംബന്ധിച്ച് പുതിയ റിവ്യൂ പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ കാലം ജോലി ചെയ്യേണ്ടി വരുമെന്ന ആശങ്ക ശക്തമാകുന്നത്. 2028 ആകുന്നതോടെ പെന്‍ഷന്‍ പ്രായം 67-ലേക്ക് എത്തും. എന്നാല്‍ നിലവില്‍ പെന്‍ഷന് നല്‍കുന്ന 'ട്രിപ്പിള്‍ ലോക്ക്' നിലനിര്‍ത്തിയാല്‍ പ്രായം ഏതാനും ദശകത്തിനുള്ളില്‍ 74-ലേക്ക് ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.
സിസ്റ്റം സുസ്ഥിരമായി നിലനിര്‍ത്താനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള വഴിതുറക്കുകയാണ് വെല്‍ഫെയര്‍ സെക്രട്ടറി ചെയ്തിരിക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നതിനാല്‍ പ്രൈവറ്റ് പെന്‍ഷന്‍ പോട്ടുകളില്‍ പണം സേവ് ചെയ്യുന്നതില്‍ നിന്നും ആളുകള്‍ തടയപ്പെടുകയാണെന്നും കെന്‍ഡാല്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഭാവിയില്‍ വിരമിക്കുന്നവര്‍ ഇന്നത്തേക്കാള്‍ ദാരിദ്ര്യത്തിലായിരിക്കുമെന്നും, അത് ഒഴിവാക്കുവാനുമാണ് ശ്രമമെന്നും കെന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു. 2027-ല്‍ നടത്തേണ്ട റിവ്യൂവാണ് രണ്ട് വര്‍ഷം നേരത്തെയാക്കിയത്. ട്രിപ്പിള്‍ ലോക്ക് പ്രകാരം ഓരോ വര്‍ഷവും സ്‌റ്റേറ്റ് പെന്‍ഷന്‍ ചുരുങ്ങിയത് 2.5 ശതമാനം വര്‍ദ്ധിക്കും. ഇത് ഗവണ്‍മെന്റിന് മൂന്നിരട്ടി ചെലവ് വരുത്തുന്നുണ്ട്.