യുകെയും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതിന് ശേഷം, ചാള്‍സ് രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാന്‍ഡ്രിംഗ്ഹാമില്‍ വച്ച് ചര്‍ച്ച നടത്തി. കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയിലെ 'അമ്മയ്‌ക്കൊരു മരം' പദ്ധതിയുടെ ഭാഗമായി രാജാവിന് മോദി വൃക്ഷത്തൈയാണ് സമ്മാനമായി നല്‍കിയത്. ഇന്ത്യയില്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയമാണ് ‘അമ്മയ്ക്ക് ഒരു മരം’ പദ്ധതി.
ഏറെ സന്തോഷത്തോടെ വൃക്ഷത്തൈ സ്വീകരിച്ച രാജാവ് ഈ ശരത്ക്കാലത്ത് മരം അമ്മയായ എലിസബത്ത് രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി നട്ടുപിടിപ്പിക്കും. ചാള്‍സ് മൂന്നാമന്‍ രാജാവുമായി വളരെ നല്ല കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യ- ബ്രിട്ടന്‍ ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
ചര്‍ച്ചയില്‍ വിദ്യാഭ്യാസം, യോഗ, ആയുര്‍വേദം എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സംസാരിച്ചുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
ചെക്കേഴ്‌സില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആണ് മോദി രാജാവിനെ സന്ദര്‍ശിച്ചത്. നോര്‍ഫോക്കിലെ തന്റെ സ്വകാര്യ എസ്റ്റേറ്റില്‍ മോദിയ്ക്കായി രാജാവ് ആതിഥേയത്വം വഹിച്ചു.