യു.കെ.വാര്‍ത്തകള്‍

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി ജെറമി കോര്‍ബിനും സാറ സുല്‍ത്താനയും

ബ്രിട്ടനില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി മുന്‍ ലേബര്‍ പാര്‍ട്ടി എംപിമാരായ ജെറെമി കോര്‍ബിനും സാറ സുല്‍ത്താനയും. ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇടതുപക്ഷ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ ഇരുവരും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് പേരിട്ടിട്ടില്ലെങ്കിലും 'യുവര്‍ പാര്‍ട്ടി' എന്ന പേരില്‍ ഒരു ഇടക്കാല വെബ്സൈറ്റ് ഇവര്‍ സംയുക്ത പ്രസ്താവനയില്‍ പങ്കുവെച്ചിട്ടുണ്ട്.

'ലോകത്തിലെ ഏറ്റവും സമ്പന്നമായ ആറാമത്തെ രാജ്യത്ത് 4.5 ദശലക്ഷം കുട്ടികള്‍ ദാരിദ്രത്തില്‍ കഴിയുകയാണ്. കുതിച്ചുയരുന്ന ബില്ലുകളിലൂടെ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ സമ്പാദിക്കുകയാണ്. ദരിദ്രര്‍ക്ക് പണമില്ല. യുദ്ധത്തിന് പണമുണ്ടെന്ന് സര്‍ക്കാര്‍ പറയുകയാണ്. ഇതിനെല്ലാം അര്‍ത്ഥം സംവിധാനം ശരിയല്ല എന്നുതന്നെയാണ്. ഈ അനീതികള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല. നിങ്ങളും അംഗീകരിക്കരുത്. ഉടന്‍ തന്നെ ഞങ്ങള്‍ ഒരു സ്ഥാപന സമ്മേളനം സംഘടിപ്പിക്കും. നിങ്ങളുടെ പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിലും എന്തിനെ പ്രതിനിധീകരിക്കുന്നുവെന്നതിലും സംഭാവനങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്കാകും.'-സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ശതകോടീശ്വരന്മാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന് യഥാര്‍ത്ഥ ബദല്‍ സൃഷ്ടിക്കുമെന്ന് ലേബര്‍ പാര്‍ട്ടി മുന്‍ പ്രസിഡന്റും സ്വതന്ത്ര എംപിയുമായ കോര്‍ബിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 മുതല്‍ കോവെന്‍ട്രി സൗത്തില്‍ നിന്നുളള പാര്‍ലമെന്റ് അംഗമായിരുന്ന സാറ സുല്‍ത്താനയും ലേബര്‍ പാര്‍ട്ടി വിട്ടിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയെ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ പിന്തുണച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സാറ സുല്‍ത്താന പറഞ്ഞത്.

സ്വതന്ത്ര എം പിയായ കോര്‍ബിനോടൊപ്പം നിലകൊള്ളുന്നതിനായിട്ടായിരുന്നു സാറാ സുല്‍ത്താന ലേബര്‍ പാര്‍ട്ടി വിട്ടത്. 'യുവര്‍ പാര്‍ട്ടി' എന്ന പേരുലുള്ള വെബ്‌സൈറ്റ് വഴി പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.

കോര്‍ബിന്റെ നിയന്ത്രണത്തിലുള്ള ഒരു ബിസിനസ് സ്ഥാപനമാണ് ഈ വെബ്‌സൈറ്റിന്റെ നടത്തിപ്പുകാര്‍, നിങ്ങളുടേതായ (ജനങ്ങളുടെ) ഒരു പാര്‍ട്ടി, ഒരു പുതിയ രൂപത്തിലുള്ള പാര്‍ട്ടി ഇപ്പോള്‍ ആവശ്യമാണെന്നാണ് വെബസൈറ്റില്‍ പറയുന്നത്.

ലേബര്‍ പാര്‍ട്ടിയിലെ മുന്‍ സഹപ്രവര്‍ത്തകനായ മൈക്ക് ടാപ് സുല്‍ത്താനയുടെ പോസ്റ്റിനോട് ചിരിക്കുന്ന ഒരു സ്മൈലി ഇട്ടാണ് പ്രതികരിച്ചത്. ജെറെമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ഒരു പാര്‍ട്ടിയെ കുറിച്ച് ഇതിനോടകം തന്നെ രണ്ട് തവണ ജനങ്ങള്‍ വിധിയെഴുതിയിട്ടുണ്ട് എന്നാണ് ലേബര്‍ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചത്. അതേസമയം, 'യുവര്‍ പാര്‍ട്ടി' എന്നത് ഇടക്കാലത്തേക്ക് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി നല്‍കിയ പേരാണെന്നും, ഇലക്റ്ററല്‍ കമ്മീഷനില്‍ റെജിസ്റ്റര്‍ ചെയ്യുമ്പോള്‍ പക്ഷെ,ഇതായിരിക്കില്ല പാര്‍ട്ടിയുടെ പേരെന്നും കോര്‍ബിന്റെ അനുയായികള്‍ പിന്നീട് വ്യക്തമാക്കി.

കടുത്ത ഇടതുപക്ഷക്കാരനാണ് കോര്‍ബിന്‍. ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ സമാനമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് സാറാ സുല്‍ത്താനയും. ബ്ളാക്ക്‌ബേണില്‍ നിന്നുള്ള സ്വതന്ത്ര എം പിയായ അഡ്‌നാന്‍ ഹുസൈനും ഇവരുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധിത സംഘടനയായ പാലസ്തീക് ആക്ഷനു വേണ്ടി പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തിയവരാണ് ജെറെമി കോര്‍ബിനും സാറാ സുല്‍ത്താനയും. എന്നാല്‍, പാര്‍ലമെന്റിനകത്ത് ലഭിക്കുന്ന സംരക്ഷണം മൂലം, തീവ്രവാദ വിരുദ്ധ നിയമമനുസരിച്ച് ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കാനായിരുന്നില്ല.

മാത്രമല്ല, അടുത്ത കാലത്ത്, മാഡ്രിഡില്‍ നടന്ന ഒരു പാലസ്തീന്‍ അനുകൂല പരിപാടിയില്‍ സുല്‍ത്താന പങ്കെടുക്കുകയും ചെയ്തിരുന്നു. പാലസ്തീന്‍ സോളിഡാരിറ്റി കാംപെയിന്‍ റസല്‍ സ്‌ക്വയര്‍ മുതല്‍ വൈറ്റ്‌ഹോള്‍ വരെ ശനിയാഴ്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് സുല്‍ത്താന സംസാരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം നല്‍കുന്ന വ്യക്തമായ സൂചനകള്‍, ഇടതുപക്ഷ - ഇസ്ലാമിസ്റ്റ് ആശയങ്ങളായിരിക്കും പുതിയ പാര്‍ട്ടിയുടെ മുഖമുദ്ര എന്നതാണ്.

2015 ലും 2020 ലും തെരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിയെ നയിച്ച വ്യക്തിയാണ് ജെറെമി കോര്‍ബിന്‍. പാര്‍ട്ടിക്കുള്ളിലെ യഹൂദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുകയായിരുന്നു. 2024ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും പിന്നീട്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയുമായിരുന്നു. 2025ല്‍ സര്‍ക്കാരിന്റെ ടു ചൈല്‍ഡ് ബെനഫിറ്റ് നയത്തില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തതിനായിരുന്നു സുല്‍ത്താനക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions