എയര്‍ ഇന്ത്യ ദുരന്തം: ഭര്‍ത്താവിന്റെ മൃതദേഹം യുകെയിലെ സ്ത്രീയ്ക്ക് ലഭിച്ചത് രണ്ട് ശവപ്പെട്ടികളിലായി! രണ്ടു തവണ സംസ്കാര ചടങ്ങു നടത്തേണ്ടിവന്നു
അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം നടന്നു ഒരു മാസത്തിലേറെ പിന്നിട്ട ശേഷമാണ് ബ്രിട്ടനിലുള്ള പല കുടുംബങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചത്.
എന്നാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അയച്ചപ്പോള്‍, ബ്രിട്ടനിലുള്ള രണ്ടു കുടുംബങ്ങള്‍ക്ക് ആളുമാറി പെട്ടികള്‍ ലഭിച്ചതു വിവാദമായിരുന്നു. തന്റെ കുടുംബത്തില്‍ പെട്ട ആളുടേതിന് പകരം മറ്റൊരു യാത്രക്കാരന്റെ മൃതദേഹ ഭാഗങ്ങള്‍ അടങ്ങിയ പെട്ടിയാണ് വരുന്നതെന്ന് വിവരം ലഭിച്ചതോടെ ഒരു ഇരയുടെ ബന്ധു സംസ്‌കാര ചടങ്ങുകള്‍ പോലും ഉപേക്ഷിച്ചിരിക്കുകയാണ്.
ഇതിന് പുറമെ കഴിഞ്ഞ ആഴ്ച ലഭിച്ച ഒരു ശവപ്പെട്ടിയില്‍ ഒന്നിലേറെ ആളുകളുടെ മൃതദേഹ ഭാഗങ്ങള്‍ അബദ്ധത്തില്‍ പെട്ടിരുന്നു. ഇതോടെ അപരിചിതമായ മൃതദേഹം ഇതില്‍ നിന്നും മാറ്റേണ്ട അവസ്ഥയും വന്നു. വെസ്റ്റ് ലണ്ടന്‍ കൊറോണര്‍ ഡോ. ഫിയോണ വില്‍കോക്‌സ് ബ്രിട്ടനിലേക്ക് എത്തിച്ച മൃതദേഹങ്ങള്‍ പരിശോധിച്ച് കുടുംബാംഗങ്ങള്‍ നല്‍കിയ ഡിഎന്‍എ സാമ്പിളുമായി ഒത്തുനോക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന അബദ്ധങ്ങള്‍ തിരിച്ചറിയുന്നത്.
ഇപ്പോഴിതാ ഇരകളുടെ ശരീരഭാഗങ്ങള്‍ ലഭിച്ചതില്‍ കൂടുതല്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തുവരുന്നു. ശരീരഭാഗങ്ങള്‍ അയച്ചതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചെന്നാണ് യുകെയിലെ 53 കുടുംബങ്ങളില്‍ 30 പേരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ആരോപിക്കുന്നത്
എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് ഹിമാലയന്‍ ദൗത്യമായിരുന്നു. ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നതാണ് ഈ ദൗത്യം ദുഷ്‌കരമാക്കി മാറ്റിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ബന്ധുക്കളില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ ഉപയോഗിച്ചാണ് മരിച്ചവരെ വേര്‍തിരിച്ച് പെട്ടികളാക്കി അയച്ചത്.
എന്നാല്‍ ഈ ദൗത്യത്തില്‍ നിരവധി പിഴവുകള്‍ സംഭവിച്ചിട്ടുള്ളതായി നേരത്തെ വ്യക്തമായിരുന്നു. മൃതദേഹങ്ങള്‍ യുകെയില്‍ എത്തിച്ച ശേഷം കൊറോണര്‍ പരിശോധിച്ചപ്പോഴാണ് പെട്ടി മാറിപ്പോയതായി പോലും കണ്ടെത്തുന്നത്.
ഇപ്പോള്‍ എയര്‍ ഇന്ത്യ അപകടത്തില്‍ വിധവയായി മാറിയ സ്ത്രീക്ക് തന്റെ ഭര്‍ത്താവിന്റെ മൃതദേഹം രണ്ട് പെട്ടികളാക്കി ലഭിച്ചതായാണ് വിവരം പുറത്തുവരുന്നത്. വിധവയ്ക്ക് ആദ്യം ഒരു പെട്ടി ലഭിക്കുകയും, ഇത് സംസ്‌കരിച്ച ശേഷം ദുഃഖാര്‍ത്തരായി ഇരിക്കുമ്പോള്‍ രണ്ടാമത്തെ പെട്ടി ലഭിക്കുകയായിരുന്നു.
ഇതോടെ സംസ്‌കാര കര്‍മ്മം രണ്ടാമതും ചെയ്യേണ്ടതായി വന്നു. ഇരകളുടെ ശരീരഭാഗങ്ങള്‍ അയച്ചതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചെന്നാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്. ബന്ധുക്കള്‍ ആളുമാറി ശവപ്പെട്ടി അയച്ചതും, ബോഡി ബാഗില്‍ രണ്ട് തലകള്‍ വെച്ചതും ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.