വിലയേറിയ മൊബൈല്‍ ഫോണ്‍ ഉള്ള യുകെ മലയാളികള്‍ ജാഗ്രതൈ! യുകെയില്‍ മൊബൈല്‍ ഫോണ്‍ മോഷണം പെരുകുന്നതായി വാര്‍ത്ത. ഫോണ്‍ പോയാല്‍ പോയതാണ് എന്നതാണ് സ്ഥിതി. സ്വയം സൂക്ഷിക്കുക എന്നതുമാത്രമാണ് ഏക രക്ഷ.
യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന അഞ്ചില്‍ രണ്ടു ഫോണും യു കെയിലാണെന്നു റിപ്പോര്‍ട്ട് പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സ്‌ക്വയര്‍ ട്രേഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്, 13 യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രിട്ടനിലും സാന്നിധ്യമുള്ള കമ്പനിയുടെ ഉപഭോക്താക്കള്‍ ഇരകളാവുന്ന മൊബൈല്‍ ഫോണ്‍ മോഷണങ്ങളില്‍ 39 ശതമാനവും നടക്കുന്നത് യു കെയില്‍ ആണെന്നാണ്.
അതേസമയം, കമ്പനിയുടെ മൊത്തം ഉപഭോക്താക്കളില്‍ വെറും 10 ശതമാനം മാത്രമാണ് യുകെയില്‍ ഉള്ളതെന്നതും ഓര്‍ക്കണം. 2021 ജൂണിന് ശേഷം ബ്രിട്ടനിലെ മൊബൈല്‍ മോഷണങ്ങള്‍ 425 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഡാറ്റ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, യു കെയില്‍ നടക്കുന്ന മൊബൈല്‍ മോഷണങ്ങളില്‍ 42 ശതമാനവും നടക്കുന്നത് ലണ്ടനിലാണെന്നും ഇത് വ്യക്തമാക്കുന്നു. യൂറോപ്പിലെ മോത്തം കണക്കെടുത്താല്‍, യൂറോപ്പില്‍ നടക്കുന്ന മൊബൈല്‍ മോഷണങ്ങളുടെ 16 ശതമാനം വരും ലണ്ടനിലെ മോഷണങ്ങള്‍.
ടൈംസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മയക്കു മരുന്ന് കച്ചവടത്തേക്കാള്‍ എളൂപ്പത്തില്‍ പണം ഉണ്ടാക്കാം എന്നതിനാല്‍ പല കുറ്റവാളി സംഘങ്ങളും ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് പോലീസും പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ലണ്ടനില്‍ 80,000 ല്‍ അധികം മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി രേഖകള്‍ വ്യക്തമാക്കുന്നു. പാതയോര വിപണികളില്‍ ഏകദേശം 20 മില്യണ്‍ പൗണ്ട് മൂല്യം വരുന്ന മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞവര്‍ഷം ലണ്ടനില്‍ മാത്രം മോഷണം പോയത്. ഐഫോണിനെയാണ് മോഷ്ടാക്കള്‍ കൂടുതലായി ഉന്നം വയ്ക്കുന്നത്.
മൊബൈല്‍ ഫോണ്‍ മാത്രമല്ല, നിങ്ങളുടെ കാറും, ആഭരണങ്ങളുമെല്ലാം മോഷ്ടാക്കള്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. മയക്കു മരുന്ന് ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന ചില സംഘങ്ങള്‍, അടുത്തിടെ മോഷണത്തിലേക്കും കൊള്ളയിലേക്കും തിരിഞ്ഞിട്ടുണ്ടെന്ന് മെറ്റ് പോലീസ് കമാന്‍ഡര്‍ ജെയിംസ് കോണ്‍വേ പറയുന്നു. മോഷണം പെരുകിയതോടെ പരാതികളും കൂടി. എന്നാൽ പോലീസിനെ ആശ്രയിച്ചാലും ഫലമുണ്ടാകാറില്ല എന്നതാണ് സ്ഥിതി.