ആള്‍ഡി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ മുതല്‍ മിനിമം ശമ്പളം മണിക്കൂറിന് 13 പൗണ്ട് ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ബ്രിട്ടനിലെ, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും മികച്ച ശമ്പളം നല്‍കുന്ന തൊഴിലുടമ എന്ന് പേരുള്ള ഈ ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല, പുതിയ മിനിമം വേതന നിരക്ക് പ്രഖ്യാപിക്കുന്ന ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ആയി മാറി. നിലവില്‍, മണിക്കൂറില്‍ 12.75 പൗണ്ട് വേതനം ലഭിക്കുന്ന സ്റ്റോര്‍ അസിസ്റ്റന്റുമാര്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ മണിക്കൂറില്‍ 13 പൗണ്ട് എന്ന നിരക്കില്‍ വേതനം ലഭിക്കും.
ഇത്, എം 25നുള്ളില്‍ കിടക്കുന്ന സ്റ്റോറുകളില്‍ 14.33 പൗണ്ട് ആയി ഉയരും. തലസ്ഥാനത്തെ ഉയര്‍ന്ന ജീവിത ചെലവുകള്‍ പരിഗണിച്ചാണ് ഇത്. അതിനൊപ്പം, ആള്‍ഡിയില്‍ ജോലി ചെയ്യുന്ന കാലയളവിനെ അടിസ്ഥാനമാക്കി രാജ്യ വ്യാപകമായി ആള്‍ഡി സ്റ്റോര്‍ അസിസ്റ്റന്റ്മാര്‍ക്ക് 13.93 പൗണ്ട് വരെയും എം 25 ന് ഉള്ളിലുള്ളവര്‍ക്ക് 14.64 പൗണ്ട് വരെയും നേടാനാകും.
യുകെയില്‍ തങ്ങളുടെ വിജയത്തിന് പുറകിലെ പ്രധാന ചാലകശക്തി തങ്ങളുടെ ജീവനക്കാരാണ് എന്നാണ് വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചുകൊണ്ട് ആള്‍ഡി യുകെ ചീഫ് എക്സിക്യൂട്ടീവ് ഗില്‍സ് ഹര്‍ലി പറഞ്ഞത്. മറ്റു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്കും ഇത് പ്രചോദനമാകുമെന്നു കരുതപ്പെടുന്നു.