മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശി പി.ടി. ദീപു (47) വിന്റെ മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയിലെ കുടുംബ വീട്ടില്‍ എത്തിക്കുകയും വൈകിട്ട് തന്നെ സംസ്‌കാരവും നടക്കും. മാഞ്ചസ്റ്ററില്‍ നിന്നും ദുബായ് വഴിയുള്ള കണക്ഷന്‍ ഫ്ളൈറ്റിലാണ് ദീപുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
2023ല്‍ യുകെയില്‍ സ്വകാര്യ കെയര്‍ ഹോമില്‍ ഷെഫായി ജോലി ലഭിച്ച് എത്തിയ ദീപുവിനെ അവിടെ നിന്നും പിരിച്ചു വിട്ടതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളിലെ ജോലികള്‍ക്ക് ശേഷം മാഞ്ചസ്റ്ററിലെ സ്വകാര്യ റെസ്റ്റോറന്റില്‍ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. അതിനിടെ കടബാധ്യത നല്‍കിയ മാനസിക സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. അതിനിടെയാണ് ചിക്കന്‍ പോക്‌സ് ബാധിച്ചത്. തുടര്‍ന്നുള്ള അവധിയ്ക്ക് ശേഷം ജോലിക്ക് എത്താതിനെ തുടര്‍ന്ന് റെസ്റ്റോറന്റ് ജീവനക്കാരന്‍ താമസ സ്ഥലത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതിലിന്റെ മെയില്‍ ബോക്‌സ് പഴുതിലൂടെ അകത്തേയ്ക്ക് നോക്കുമ്പോള്‍ സ്റ്റെയര്‍ കേസിന് സമീപമായി ദീപുവിന്റെ കാലുകള്‍ കാണുകയായിരുന്നു. കുഴഞ്ഞു വീണതാകാമെന്ന നിഗമനത്തില്‍ ഉടന്‍ തന്നെ പാരാമെഡിക്‌സ് സംഘത്തെ വിവരം അറിയിച്ചു. പാരാമെഡിക്‌സ് സംഘം, അഗ്‌നിശമന സേന, പൊലീസ് എന്നിവയുടെ സഹായത്തോടെ അകത്തേക്ക് കടക്കുമ്പോഴാണ് സ്റ്റെയര്‍ കെയ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ചിക്കന്‍ പോക്‌സ് ആയിരുന്നതിനാല്‍ ദീപുവിന് ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ നിന്നും താല്‍കാലികമായി താമസം മാറ്റിയിരുന്നു.
നാട്ടില്‍ വിവിധ റെസ്റ്റോറന്റുകളില്‍ മികച്ച ഒരു ഷെഫായി ജോലി ചെയ്തിരുന്ന ദീപു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീസ നടപടിക്രമങ്ങള്‍ക്ക് വേണ്ടിയുള്ള തുക മാത്രം മുടക്കി യുകെയില്‍ എത്തിയത്. ഭാര്യ: നിഷ ദീപു. മക്കള്‍: കൃഷ്ണപ്രിയ, വിഷ്ണുദത്തന്‍, സേതുലക്ഷ്മി. പിറവം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയില്‍ പരേതരായ പി. എ. തങ്കപ്പന്‍, വി.എസ്. ശാരദ എന്നിവരാണ് മാതാപിതാക്കള്‍. പി.ടി. അനൂപ് ഏക സഹോദരനാണ്.
ആറു മാസം മുന്‍പ് അമ്മ മരിച്ചപ്പോഴാണ് ദീപു അവസാനമായി നാട്ടില്‍ എത്തിയ ശേഷം മടങ്ങി പോകുന്നത്. ദീപുവിന്റെ സ്വദേശം പാമ്പാക്കുടയാണെങ്കിലും ഭാര്യ വീട് സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് ചൂണ്ടിയിലാണ് ദീപു നാട്ടില്‍ താമസിച്ചിരുന്നത്.