കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മറ്റൊരു മുന്‍ എംപി കൂടി പാര്‍ട്ടിവിട്ട് നെയ്ജല്‍ ഫരാഗ്ഗിനൊപ്പം ചേര്‍ന്നു. 2005 മുതല്‍ 2024 വരെ ഗ്രാവേഷാം എം പിയായിരുന്ന ആഡം ഹോളോവേ ആണ് ഇപ്പോള്‍ റിഫോം യുകെ പാര്‍ട്ടിയിലേക്ക് വന്നിരിക്കുന്നത്. ബോറിസ് ജോണ്‍സന്റെയും ലിസ് ട്രസിന്റെയും കാലത്ത് ഗവണ്മെന്റ് വിപ്പ് കൂടിയായിരുന്ന ഈ 60 കാരന്‍ പറയുന്നത്, രാജ്യം പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴവും വ്യാപ്തിയും റിഫോം യുകെയുടെ നേതൃത്വം മാത്രമാണ് മനസിലാക്കിയിരിക്കുന്നത് എന്നാണ്.
കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ റിഫോം യുകെയിലേക്ക് പോകുന്നത് പതിവായിരിക്കുകയാണ്. സര്‍ ജെയ്ക്ക് ബെറി, ആന്‍ഡ്രിയ ജെന്‍കിന്‍സ്, മാര്‍ക്കോ ലോംഗി, റോസ് തോംസണ്‍, ഡേവിഡ് ജോണ്‍സ് തുടങ്ങിയ മുന്‍ എംപിമാരെല്ലാം കഴിഞ്ഞ 12 മാസക്കാലത്തിനിടയില്‍ ഇത്തരത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് എത്തിയവരാണ്. ഇപ്പോള്‍ ആഷ്ഫീല്‍ഡില്‍ നിന്നുള്ള റിഫോം എം പിയായ ലീ ആന്‍ഡേഴ്സന്‍ 2024 മാര്‍ച്ചിലായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് എത്തിയത്.
2005ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പായി ഒരു പത്രപ്രവര്‍ത്തകനായിരുന്ന ഹോളോവേ സൈനിക സേവനവും നടത്തിയിട്ടുണ്ട്. താന്‍ സൈന്യത്തില്‍ ചേര്‍ന്നത്, സൈന്യം എന്ന സ്ഥാപനത്തെ സേവിക്കാനായിരുന്നില്ലെന്നും മറിച്ച് രാജ്യത്തെ സേവിക്കാനായിരുന്നു എന്ന് പറഞ്ഞ ഹോളോവേ, ഇവിടെയും അതേ വിശദീകരണമാണ് നല്‍കാനുള്ളത് എന്നും പറഞ്ഞു. ബ്രിട്ടനെ രക്ഷിക്കണമെങ്കില്‍, തികഞ്ഞ സത്യസന്ധതയോടെയും, യാഥാര്‍ത്ഥ്യ ബോധത്തോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.