യുകെയിലെ ഭവനവിലകള്‍ വീണ്ടും വളര്‍ച്ചയുടെ പാതയില്‍. ജൂണിലെ താഴ്ചയില്‍ നിന്നുമാണ് ഈ തിരിച്ചുവരവ്. ജൂലൈ മാസം ശരാശരി ഭവനവില 0.6% വര്‍ദ്ധിച്ച് 272,664 പൗണ്ടിലേക്ക് എത്തി. രണ്ട് വര്‍ഷത്തിനിടെ ജൂണില്‍ ഏറ്റവും വലിയ പ്രതിമാസ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ കരകയറ്റമെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി.
വാര്‍ഷിക ഭവനവില വര്‍ധന 2.4 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതായി ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി പറയുന്നു. കൂടാതെ വീട് വാങ്ങുന്നത് തുടരുന്നതിന്റെ സൂചനയായി കഴിഞ്ഞ മാസം 64,200 മോര്‍ട്ട്‌ഗേജുകള്‍ അംഗീകരിക്കപ്പെട്ടു.
ഒരു ദശകത്തിനിടെ പ്രോപ്പര്‍ട്ടി വാങ്ങുന്നത് ഏറ്റവും കൂടുതല്‍ താങ്ങാന്‍ കഴിയുന്ന നിലയിലാണെന്ന് നേഷന്‍വൈഡ് ചൂണ്ടിക്കാണിക്കുന്നു. യുകെ ശമ്പളത്തിന്റെ ശരാശരിയുടെ ആറിരട്ടിയാണ് ഇത്.
ശരാശരി വരുമാനത്തിന്റെ 5.75 ഇരട്ടിയാണ് യുകെ ഭവനവിലയെങ്കിലും ഇത് ഒരു ദശകത്തിനിടെ കുറഞ്ഞ അനുപാതമാണെന്ന് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. എന്നിരുന്നാലും കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതായി നേഷന്‍വൈഡ് സമ്മതിക്കുന്നു. സ്റ്റാമ്പ് ഡ്യൂട്ടിക്ക് നല്‍കിയ ഇളവുകള്‍ അവസാനിച്ചതായിരുന്നു ജൂണിലെ താഴ്ചയ്ക്ക് ഇടയാക്കിയത്.