കേംബ്രിഡ്ജ് ട്രെയിന്‍ സ്റ്റേഷന് സമീപമുള്ള മില്‍ പാര്‍ക്കില്‍ വിദേശ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. സൗദി പൗരനായ മുഹമ്മദ് അല്‍ഗാസിം (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേംബ്രിഡ്ജ് സ്വദേശിയായ ചാസ് കോറിഗനെ(21) കൊലപാതകം, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ പീറ്റര്‍ബറോ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ ചാസിനെ പീറ്റര്‍ബറോ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടു. ചാസിനുപുറമെ കൊലപാതകത്തിന് സഹായം ചെയ്തതായി സംശയിക്കുന്ന 50 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലിഷ് ഭാഷാ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്കൂളായ കേംബ്രിജിലെ പത്ത് ആഴ്ചത്തെ പ്ലേസ്‌മെന്റ് പഠനത്തിനാണ് മുഹമ്മദ് അല്‍ഗാസിം യുകെയിലെത്തിയത്. പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് അല്‍ഗാസിം കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ച നടക്കും.