എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത് ഇന്ത്യന്‍ വംശജരടക്കം 53 ബ്രിട്ടീഷ് പൗരന്മാര്‍ക്കാണ്.
ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ അനുസ്മരിക്കാന്‍ കഴിഞ്ഞ ദിവസം വെംബ്ലിയില്‍ ഒരു അനുസ്‌മരണ ചടങ്ങ് നടത്തപ്പെട്ടു. 130-ലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. അപകടത്തില്‍ മരിച്ച തന്റെ മാതാപിതാക്കളായ അശോകിനെയും ശോഭന പട്ടേലിനെയും ആദരിക്കുന്നതിനായി മിതന്‍ പട്ടേല്‍ സത്താവിസ് പട്ടീദാര്‍ സെന്ററിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
യുകെയിലും ഇന്ത്യയിലുമുള്ള നിരവധി കുടുംബങ്ങളുടെ ജീവിതത്തില്‍ എയര്‍ ഇന്ത്യ ദുരന്തം വലിയൊരു ശൂന്യതായാണ് കൊണ്ടുവന്നിരിക്കുന്നത്. തങ്ങളുടെ പ്രിയപെട്ടവരെ നഷ്‌ടമായ വേദനയില്‍ നിന്ന് പലരും കരകയറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ നടത്തപ്പെടുന്ന അനുസ്‌മരണ ചടങ്ങുകള്‍ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനും, മരിച്ചവരുടെ ഓര്‍മ്മകളെ ആദരിക്കാനും, തമ്മില്‍ ആശ്വാസം തേടാനും ഏറെ സഹായകരമാണ്.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍ പെട്ട വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. അതില്‍ ഒരാള്‍ ഒഴികെ ബാക്കി ഉള്ളവര്‍ക്ക് ജീവന്‍ നഷ്‌ടമാവുകയും ചെയ്‌തു.