അയര്‍ലന്‍ഡില്‍ വീണ്ടും വംശീയാക്രമണം; ഇന്ത്യന്‍ ടാക്‌സി ഡ്രൈവറുടെ തല അടിച്ച് പൊട്ടിച്ചു
അയര്‍ലന്‍ഡില്‍ വീണ്ടും ഇന്ത്യന്‍ വംശജന് നേരെ വംശീയാക്രമണം. ഡബ്ലിനില്‍ നിന്നും ആണ് വീണ്ടും വംശീയാക്രമണം നടന്നതായി റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അക്രമണമാണ് ഇതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ലഖ്വീര്‍ സിംഗ് എന്ന ടാക്‌സി ഡ്രൈവറെ രണ്ടുപേര്‍ ചേര്‍ന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ 23 വര്‍ഷമായി ലഖ്വീര്‍ സിംഗ് അയര്‍ലണ്ടില്‍ താമസിക്കുകയാണ്. ഏതാണ്ട് 10 വര്‍ഷത്തിന് മേലെയായി അദ്ദേഹം ഒരു ക്യാബ് ഡ്രൈവര്‍ കൂടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്‍ വാടകയ്ക്ക് വിളിച്ച രണ്ട് പേര്‍ യാത്രയ്ക്കിടെ ലഖ്വീര്‍ സിംഗിന്റെ തലയ്ക്ക് കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. അടുത്തിടെയായി അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വംശീയാക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 20 നും 21 നും വയസ് പ്രായമുള്ള രണ്ട് പേര്‍ ലഖ്വീര്‍ സിംഗിന്റെ കാര്‍ വാടകയ്ക്ക് വിളിക്കുകയായിരുന്നു. ഇവര്‍ പോപ്പിന്‍ട്രീയില്‍ പോകണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് ലഖ്‌വീര്‍ പറഞ്ഞു. സ്ഥലത്ത് എത്തിയപ്പോള്‍ കാറില്‍ നിന്നും ഇറങ്ങുന്നതിന് പകരും അപ്രതീക്ഷിതമായി ഇവര്‍ കൈയിലിരുന്ന കുപ്പി കൊണ്ട് അക്രമിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുപ്പി കൊണ്ട് ഒന്നില്‍ കൂടുതല്‍ തവണ തലയ്ക്ക് അടിച്ച യുവാക്കള്‍ 'സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ' എന്ന് ആക്രോശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ അക്രമികള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
അക്രമണത്തെ തുടര്‍ന്ന് തലയില്‍ നിന്നും രക്തം വാര്‍ന്ന ലഖ്‌വീര്‍ സമീപത്തെ വീടുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡോള്‍ ബെല്ലുകള്‍ അമര്‍ത്തിയെങ്കിലും ആരും സഹായിക്കാനെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒടിവില്‍ 999 നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. അക്രമണത്തില്‍ ധാരാളം രക്തം വാര്‍ന്നെങ്കിലും കാര്യമായ ഭീഷണിയില്ല. എങ്കിലും തനിക്കിനി വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഭയം തോന്നുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മറ്റ് രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി അക്രമണത്തിന് ഇരയായിരുന്നു. അക്രമകള്‍ക്കെല്ലാം 15 നും 25 നും ഇടയില്‍ പ്രാളമുള്ളവരാണ്. അക്രമണത്തിന് ശേഷം ഇന്ത്യക്കാരോട് സ്വന്തം രാജ്യത്തേക്ക് പോകാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.