യുകെയിലെ അഞ്ചിലൊന്ന് ഡോക്ടര്‍മാരും ജോലി അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി കണക്കുകള്‍. ഇതില്‍ തന്നെ എട്ടില്‍ ഒരാള്‍ വീതം രാജ്യം വിട്ട് വിദേശത്തേക്ക് ജോലി തേടി പോകാനാണ് ആലോചിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കമ്മീഷന്‍ ചെയ്ത ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
ഡോക്ടര്‍മാരെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകള്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ അപകടത്തിലാകുമെന്ന് ജിഎംസി മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് രാജ്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിഗണന നല്‍കുന്നുവെന്നാണ് ഇവര്‍ പറയുന്ന പ്രധാന കാരണം. മെച്ചപ്പെട്ട വരുമാനമാണ് രാജ്യം ഉപേക്ഷിക്കാനുള്ള കാരണമായി പറയുന്നത്.
2029 ജൂലൈ മാസത്തോടെ 92% രോഗികള്‍ക്കും പതിവ് ആശുപത്രി ചികിത്സകള്‍ 18 ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ 'ജോലിക്കാരെ പിടിച്ചുനിര്‍ത്താന്‍ പരാജയപ്പെടുന്നത് ഗവണ്‍മെന്റിന്റെ ലക്ഷ്യങ്ങളും, വെയ്റ്റിംഗ് സമയം കുറച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ക്കും ഭീഷണിയാണ്', ജിഎംസി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്‍എച്ച്എസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ അടുത്തിടെ നടത്തിയ അഞ്ചു ദിവസ പണിമുടക്ക് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്.അടുത്തിടെ ശമ്പള വര്‍ധന ഉണ്ടായിരുന്നിട്ടും, പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ വേതനത്തില്‍ നിന്ന് 20% കുറവാണ് ഉണ്ടായിരുന്നതെന്ന് ബിഎംഎ പറയുന്നു. നിലവില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രാരംഭ ശമ്പളം 38,831 പൗണ്ട് ആണ്. പരിശീലനം ആരംഭിക്കുമ്പോള്‍ ഇത് 73,000-പൗണ്ടില്‍ കൂടുതല്‍ ആവും. ഇതില്‍ വാരാന്ത്യ ഷിഫ്റ്റുകളില്‍ നിന്നുള്ള അധിക വരുമാനവും ഉള്‍പ്പെടുന്നുണ്ട്. മെഡിക്കല്‍ ജീവനക്കാരില്‍ പകുതിയോളം റസിഡന്റ് ഡോക്ടര്‍മാരാണ്.