കാബിന്‍ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണി; പാക് യുവാവിന് 15 മാസം ജയില്‍
ഹീത്രൂവില്‍ നിന്ന് പറന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് കാബിന്‍ ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് ബിസിനസുകാരന് 15 മാസം തടവുശിക്ഷ വിധിച്ച് കോടതി. പാക് പൗരനായ സല്‍മാന്‍ ഇഫ്തിഖര്‍ (37) ആണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2023 ഫെബ്രുവരി 7നാണ് സംഭവം നടന്നത്.
ഹീത്രൂവില്‍ നിന്ന് ലാഹോറിലേക്ക് പറന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ വിമാനത്തില്‍ ഫസ്റ്റ്ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു ലണ്ടനില്‍ ബിസിനസുകാരനായ സല്‍മാന്‍ ഇഫ്തിഖര്‍. ഓണ്‍ബോര്‍ഡ് ബാറില്‍ നിന്ന് ഐസ് സ്വയമെടുക്കുന്നതിന് കാബിന്‍ ക്രൂ വിലക്കിയതില്‍ പ്രകോപിതനായി എട്ടുമണിക്കൂര്‍ 15 മിനിറ്റ് യാത്രയിലുടനീളം ഇയാള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മൂന്നു കുട്ടികളും അപേക്ഷിച്ചിട്ടും ഇയാള്‍ ശാന്തനായില്ല. ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ച് തീയിടുമെന്ന് ഒരു കാബിന്‍ ക്രൂവിനോട് സല്‍മാന്‍ ഭീഷണിപ്പെടുത്തി. മറ്റൊരു കാബിന്‍ ക്രൂവിനോട് അവാരി ലാഹോര്‍ ഹോട്ടലില്‍ നിങ്ങള്‍ താമസിക്കുന്ന നില തകര്‍ത്ത് കൊല്ലുമെന്ന് ഭീഷണി മുഴക്കി.
കാബിന്‍ ക്രൂവിന്റെ കൈ പിടിച്ച് തിരിച്ചതായും ശാരീരിക അക്രമങ്ങള്‍ നടത്തിയതായും കോടതി കണ്ടെത്തി. വധഭീഷണിക്കു പുറമേ വംശീയ അധിക്ഷേപവും നടത്തി. പാക്കിസ്ഥാനില്‍ പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ നടപടിയെടുത്തില്ല. ലണ്ടനില്‍ തിരിച്ചെത്തിയതോടെ 2024 മാര്‍ച്ച് 16ന് ബക്കിങ്‌ഷെയറിലെ ഐവറിലുള്ള 900000 പൗണ്ട് വിലയുള്ള ആഡംബര വസതിയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ താന്‍ കുറ്റക്കാരനെന്ന് പ്രതി സമ്മതിച്ചു.