യുകെയില്‍ വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് അനുമതി നിഷേധിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് സുപ്രീംകോടതിയുടെ സ്ത്രീ ആരെന്ന നിര്‍വചനം. ഇതോടെ ബ്രിട്ടനില്‍ സ്ത്രീകളുടെ ടോയ്‌ലറ്റിലും, ചേഞ്ചിംഗ് റൂമിലും ഇനി ട്രാന്‍സ് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടാവില്ല. കൂടാതെ പുതിയ നിയമമാറ്റം വരുത്തി സ്‌കൂള്‍, ഹോസ്പിറ്റല്‍, ജിം തുടങ്ങിയ ഇടങ്ങളിലെ വനിതകളുടെ ടോയ്‌ലറ്റും, ചേഞ്ചിംഗ് റൂമും ഉപയോഗിക്കുന്നതില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ വിലക്കാനാണ് നീക്കം.
ട്രാന്‍സ് ആളുകള്‍ക്ക് സ്ത്രീകളുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ നിയമങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം തള്ളിയാണ് ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ നിയമം ശക്തമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
സ്ത്രീകളുടെ കായിക ഇനത്തില്‍ ട്രാന്‍സ് അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വരാനിരിക്കുന്ന നിബന്ധനകള്‍ വ്യക്തത വരുത്തും. കൂടാതെ ട്രാന്‍സ് വനിതകളുടെ സാന്നിധ്യത്തില്‍ വസ്ത്രം മാറാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് എതിര്‍ക്കാന്‍ കഴിയും.
പൊതുജനങ്ങള്‍ സേവനങ്ങള്‍ ഓഫര്‍ ചെയ്യുന്ന ഏത് സ്ഥാപനത്തിനും നിയമം ബാധകമാകും. എന്‍എച്ച്എസ് ആശുപത്രികള്‍, ഷോപ്പുകള്‍, ജിം, ജയില്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിങ്ങനെ എല്ലായിടത്തും നിബന്ധന ബാധകമാകും.