അടുത്ത ആഴ്ചയിലെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഗ്രേഡുകള്‍ കുത്തനെ കൂടുമെന്നു റിപ്പോര്‍ട്ട്. ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ചിന്റെ പേപ്പറിലാണ് ഉന്നത ഗ്രേഡുകള്‍ മഹാമാരിക്ക് മുന്‍പത്തെ നിലയിലായിരിക്കുമെന്ന് കണ്ടെത്തലുള്ളത്.
28 ശതമാനത്തിലേറെ എന്‍ട്രികളും എ അല്ലെങ്കില്‍ എ* ഗ്രേഡ് നേടുമെന്നാണ് പറയുന്നത്. ഗ്രേഡുകള്‍ പെരുപ്പിച്ച് കാണിക്കുന്ന രീതി വീണ്ടും തിരിച്ചെത്തുകയാമെന്ന് ആശങ്കയുള്ളതായി റിപ്പോര്‍ട്ട് തയ്യാറാക്കിയ പ്രൊഫ. അലന്‍ സ്മിത്തേഴ്‌സ് വ്യക്തമാക്കി. ഈ സ്ഥിതി നിയന്ത്രിച്ച് നിര്‍ത്തിയ ശേഷമാണ് ഈ തിരിച്ചുപോക്ക്.
വ്യാഴാഴ്ച ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആയിരക്കണക്കിന് സിക്‌സ്ത് ഫോര്‍മേഴ്‌സാണ് എ-ലെവല്‍ ഫലങ്ങള്‍ നേടുക. തങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി സീറ്റ് കിട്ടുമോയെന്ന് ഇതില്‍ നിന്നും ഇവര്‍ക്ക് മനസ്സിലാക്കാം.
കഴിഞ്ഞ വര്‍ഷം 27.8 ശതമാനം എന്‍ട്രികള്‍ക്കാണ് എ അല്ലെങ്കില്‍ എ* ലഭിച്ചത്. 2020 മുതല്‍ 2022 വരെയുള്ള മഹാമാരി വിഴുങ്ങിയ വര്‍ഷങ്ങള്‍ ഒഴിച്ചുള്ള ഉയര്‍ന്ന റെക്കോര്‍ഡാണ് ഇത്. 2023-ല്‍ 27.2 ശതമാനവും, 2019-ല്‍ 25.4 ശതമാനവുമായിരുന്നു ഉയര്‍ന്ന സ്‌കോറുകാരുടെ എണ്ണം.