അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. 22 വര്‍ഷമായി അയര്‍ലന്‍ഡില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ 51കാരന് നേരെയാണ് ഏറ്റവുമൊടുവില്‍ ആക്രമണം ഉണ്ടായത്. ഡബ്ലിനിലെ ഹോട്ടലില്‍ ഷെഫായ ലക്ഷ്മണ്‍ ദാസിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമി സംഘം ഇദ്ദേഹത്തെ കൊള്ളയടിച്ച് കടന്നുകളഞ്ഞു. നാല് ദിവസം മലയാളിയായ ആറ് വയസുകാരി വംശീയ മര്‍ദ്ദനത്തിന് ഇരയായതിന് പിന്നാലെയാണ് ഈ സംഭവം.
ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്ന് പേരുടെ സംഘം ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐറിഷ് പൗരനായ ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഫോണും പണവും ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ബൈക്കും അക്രമി സംഘം കവര്‍ന്നു. സൗത്ത് ഡബ്ലിനിലെ ഷാര്‍ലെമോണ്ട് പ്ലേസില്‍ വച്ചാണ് ലക്ഷ്മണ്‍ ദാസ് ആക്രമിക്കപ്പെട്ടത്. അതേസമയം മോഷണം മാത്രമായിരുന്നു ആക്രമണത്തിന്റെ ഉദ്ദേശമെന്നും വംശീയ അതിക്രമമല്ലെന്നുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ലക്ഷ്മണ്‍ ദാസിനെ സെന്റ് വിന്‍സന്റ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം ബുധനാഴ്ച വൈകിട്ടോടെ ആശുപത്രി വിട്ട ഇദ്ദേഹം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കാലുകളിലും കണ്‍പോളയിലും കൈയിലുമാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയംകാരുടെ ആറ് വയസുകാരിയായ മകള്‍ക്കു നേരെ ഡബ്ലിനില്‍ തന്നെ അതിക്രൂരമായ വംശീയ ആക്രമണം നടന്നത്. ഒരു സംഘം ആണ്‍കുട്ടികള്‍ ഈ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും സൈക്കിള്‍ ഉപയോഗിച്ച് കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഇടിക്കുകയും ചെയ്തിരുന്നു. വീടിന് വെളിയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ആക്രമണം നടത്തിയത് 12 നും 14 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെന്നാണ് ആക്രമണത്തിനിരയായ കുട്ടിയുടെ അമ്മ പറയുന്നത്.