യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി ദുഃഖ വാര്‍ത്തകള്‍. യോര്‍ക്കില്‍ റിപ്പോണ്‍ എന്ന സ്ഥലത്തു ഉണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. വൈക്കം സ്വദേശിയായ സെബാസ്റ്റ്യന്‍ ദേവസ്യ-ലിസി ജോസഫ് ദമ്പതികളുടെ മകന്‍ ആല്‍വിന്‍ സെബാസ്റ്റ്യ(24) ആണ് അപകടത്തില്‍ വിട പറഞ്ഞത്. അലിന സെബാസ്റ്റ്യന്‍, അലക്‌സ് സെബാസ്റ്റ്യന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
നോര്‍ത്ത് യോര്‍ക്ഷറില്‍ വെള്ളിയാഴ്ച്ച രാത്രി പത്തരയോടെആല്‍വിന്‍ സഞ്ചരിച്ച കാര്‍ ലോറിയുമായികൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവന്‍ രക്ഷയ്ക്കാനായി എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ എത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടു വാഹനങ്ങളും ഒരേ ദിശയില്‍ ആയിരുന്നു സഞ്ചരിച്ചത് എന്നാണ് അറിയാനാകുന്നത്. വലിയ സ്‌കാനിയ ലോറിയുമായി ഇടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ വിശദമായി അന്വേഷണത്തിനായി പോലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്.