യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുന്നു. നിര്‍ബന്ധിത നേത്ര പരിശോധന പരാജയപ്പെട്ടാല്‍ 70 വയസ് കഴിഞ്ഞവരെ വാഹനം ഓടിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള സാധ്യതയടക്കം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഗതാഗത നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
കാഴ്ചശക്തി കുറവുള്ള ഡ്രൈവര്‍മാര്‍ മൂലമുണ്ടായ നാല് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ യുകെയുടെ ലൈസന്‍സിംഗ് സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും അയഞ്ഞത് എന്ന് കൊറോണര്‍ വിശേഷിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. സ്കോട്ട്ലന്‍ഡിലെ നിയമങ്ങള്‍ക്ക് അനുസൃതമായി ഇംഗ്ലണ്ടിലും വെയില്‍സിലും മദ്യപിച്ച് വാഹനമോടിക്കുന്ന പരിധി കുറയ്ക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആളുകള്‍ക്ക് ലൈസന്‍സില്‍ പോയിന്റുകള്‍ നല്‍കുക എന്നിവയും പരിഗണനയില്‍ ഉണ്ട്. ഉടന്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന റോഡ് സുരക്ഷാ നിയമങ്ങളില്‍ ഈ മാറ്റങ്ങള്‍ ഉള്‍പ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പല റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ഫലപ്രദമല്ലെന്ന അഭിപ്രായം സര്‍ക്കാര്‍ തലത്തിലുണ്ട്.
ഓരോ വര്‍ഷവും റോഡ് അപകടങ്ങളില്‍ 1600 ലധികം ആളുകള്‍ മരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒരു സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ആയിരക്കണക്കിനാളുകള്‍ക്കാണ് റോഡ് അപകടത്തില്‍ പരിക്കേല്‍ക്കുന്നത്. ഇതുമൂലം പ്രതിവര്‍ഷം 2 ബില്യണിലധികം പൗണ്ട് ആണ് എന്‍ എച്ച് എസിന്റെ ബാധ്യത. അതുകൊണ്ടുതന്നെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും പിഴകളും ചുമത്തി റോഡ് സുരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.