മോശമായി പെരുമാറുന്നര്‍ക്ക് പണി കിട്ടും; നഴ്‌സുമാര്‍ക്ക് യൂണിഫോമില്‍ കാമറ, ട്രയല്‍ തുടങ്ങി
എന്‍എച്ച്എസില്‍ നഴ്‌സുമാര്‍ പലപ്പോഴും രോഗികളുടെയും ബന്ധുക്കളുടെയും അതിക്രമത്തിന് ഇരയാകാറുണ്ട്. അതിക്രമങ്ങളില്‍ ഇനി കൃത്യമായ നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി നഴ്‌സുമാര്‍ യൂണിഫോമില്‍ കാമറ ഘടിപ്പിക്കും. രണ്ട് ആശുപത്രികള്‍ ഇതിനുള്ള ട്രയല്‍ തുടങ്ങി കയ്യേറ്റക്കാര്‍ കുടുങ്ങും.
ജീവനക്കാരോട് നിരന്തരം മോശമായി പെരുമാറുന്നവര്‍ക്ക് പണി കിട്ടുമെന്ന് ചുരുക്കം. കാമറകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഹോസ്റ്റിംഗ്‌സിലെ കോണ്‍ക്വസ്റ്റ് ആശുപത്രിയിലേയും ഈസ്റ്റ്‌ബോണ്‍ ഡിസ്ട്രിക്ട് ജനറല്‍ ആശുപത്രിയിലേയും അത്യാഹിത വിഭാഗങ്ങളിലെ ചില ജീവനക്കാര്‍ രണ്ട് ആഴ്ചത്തേക്ക് ഉപകരണങ്ങള്‍ ധരിക്കുമെന്ന് ഈസ്റ്റ് സസെക്‌സ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് പറഞ്ഞു.
ഭീഷണിയോ മോശം പെരുമാറ്റമോ ഉണ്ടായാല്‍ ജീവനക്കാര്‍ക്ക് ഇനി റെക്കോര്‍ഡ് ചെയ്യാനാകും.അക്രമം കുറയ്ക്കാനും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് നടപടി. അതിക്രമങ്ങള്‍ക്കുള്ള പ്രതികരണമാണ് നടപടിയെന്ന് ഈസ്റ്റ് സസെക്‌സ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ വക്താവ് പറഞ്ഞു.
ദൃശ്യങ്ങള്‍ പോലീസ് തെളിവായും ഉപയോഗിക്കാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷണത്തിന്റെ വിജയം വിലയിരുത്തും. 2018നും 2022നും ഇടയില്‍ സൗത്ത് ഈസ്റ്റിലെ എന്‍.എച്ച്.എസ് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ 1,700 ലധികം ശാരീരിക ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇതിനൊരു തടയിടുകയാണ് ലക്ഷ്യം.