യു.കെ.വാര്‍ത്തകള്‍

എ ലെവല്‍ പരീക്ഷയിലെ മലയാളി വിജയഗാഥ തുടരുന്നു...

എ ലെവല്‍ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ തുടരുന്നു. ലണ്ടന്‍ സട്ടനില്‍ താമസിക്കുന്ന ആദര്‍ശ് വില്‍സണ്‍ നാലു വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ കരസ്ഥമാക്കി. മാത്സ്, ഫര്‍ദര്‍ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കാണ് എ സ്റ്റാറുകള്‍ നേടിയത്. ആദര്‍ശ് വില്‍സണ്‍ ഗ്രാമര്‍ സ്‌കൂളിലാണ് പഠിച്ചത്. കേബ്രിഡ്ജ് ഇമ്മാനുവേല്‍ കോളേജില്‍ ചേര്‍ന്ന് എന്‍ജിനീയറിംഗ് പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആദര്‍ശ്. മുന്‍പ് ജിസിഎസ്ഇ പരീക്ഷയിലും 12 വിഷയത്തിനും എ സ്റ്റാര്‍ നേടിയിരുന്നു.

പഠനത്തിനു പുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായ ആദര്‍ശിന് ബ്രിട്ടീഷ് മലയാളി യംഗ് ടാലന്റ് പുരസ്‌കാരം കൂടാതെ ഗ്ലോബല്‍ പ്രവാസി അവാര്‍ഡ് ഹോള്‍ഡര്‍, ഒഐസി-യുകെ ബെസ്റ്റ് ജിസിഎസ്ഇ അവാര്‍ഡ് വിന്നര്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന അന്നാ ജോര്‍ജ് ആണ് ഏക സഹോദരി. സെന്റ് ഹെലിയര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അനീഷ് ജോര്‍ജിന്റെയും മഞ്ജുവിന്റെയും മകനാണ് ആദര്‍ശ്.

ജിസിഎസ്ഇയിലെ 100 ശതമാനം വിജയം എ ലെവലിലും ആവര്‍ത്തിച്ചിരിക്കുകയാണ് ലെസ്റ്ററിലെ ലോണ ജോര്‍ജ്. എ ലെവലില്‍ ഇപിക്യൂ പ്രോജക്ട് അടക്കം നാലു വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി ജിസിഎസ്ഇയിലെ സുവര്‍ണതിളക്കം ആവര്‍ത്തിക്കുകയായിരുന്നു ലോണ. ഇംഗ്ലീഷ് മാര്‍ട്ടിയാര്‍സ് കാത്തലിക് സ്‌കൂളില്‍ നിന്നും കെമിസ്ട്രി, ബയോളജി, സൈക്കോളജി എന്നീ വിഷയങ്ങളിലാണ് മൂന്ന് എ സ്റ്റാര്‍ നേടി ലോണ മികച്ച വിജയം കരസ്ഥമാക്കിയത്. അതോടൊപ്പമാണ് ഇപിക്യൂ പ്രോജക്ടിലും എ സ്റ്റാര്‍ കരസ്ഥമാക്കിയത്. ലോണയുടെ അടുത്ത ലക്ഷ്യം യൂണിവേഴ്സ്റ്റി ഓഫ് ലെസ്റ്ററില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കുക എന്നതാണ്.

കൂടാതെ ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സിറ്റിസണ്‍ ഫോര്‍ ചേഞ്ച് എന്ന വിഷയത്തില്‍ പ്രബന്ധം രചിച്ച് സ്‌കോളര്‍ഷിപ്പിനും അര്‍ഹയായിരിക്കുകയാണ്. ലെസ്റ്ററില്‍ താമസിക്കുന്ന പാലാ വട്ടോത്ത് ജോര്‍ജിന്റെയും റോഷ്ണിയുടെയും ഏകമകളാണ്. ഏക സഹോദരന്‍ ലിയോണ്‍ ജോര്‍ജ് യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് പഠിക്കുന്നു.

എ ലെവലില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടിയാണ് നോര്‍വ്വിച്ചിലെ ജോയിന്‍ തങ്കച്ചന്‍ മെഡിസിന്‍ പഠനത്തിന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നത്. സര്‍ ഐസക് ന്യൂട്ടണ്‍ സിക്‌സ്ത് ഫോം കോളേജില്‍ നിന്നും എ ലെവല്‍ പഠനം പൂര്‍ത്തിയാക്കിയ ജോയിന്‍ നേരത്തെ ജിസിഎസ്ഇയിലും മികച്ച മാര്‍ക്ക് നേടിയിരുന്നു. അന്ന് എട്ടു വിഷയങ്ങള്‍ക്ക് ഡബിള്‍ സ്റ്റാറും രണ്ടു വിഷയങ്ങള്‍ക്ക് എ സ്റ്റാറും നേടിയാണ് എ ലെവലിലേക്ക് എത്തിയത്.

തങ്കച്ചന്‍-ലിന്‍സി സ്‌കറിയ ദമ്പതികളുടെ മകനായ ജോയിന്‍ കോതമംഗലം വെട്ടിലപ്പാറയിലെ വെള്ളിലാംതടത്തില്‍ കുടുംബാംഗമാണ്. പഠനത്തിന് പുറമേ വായനയും ചെസും എല്ലാം ഏറെയിഷ്ടമാണ് ജോയിന്. സിഎസ്എംഇജിബി ബൈബിള്‍ ക്വിസിലും ബൈബിള്‍ കലോത്സവത്തിലുമെല്ലാം വിജയിയായിരുന്ന ജോയിന്‍ സ്‌കൂളിലെ നിരവധി പ്രവര്‍ത്തനങ്ങളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ജോയിന്റെ പിതാവ് ഷെഫാണ്. അമ്മ സ്റ്റാഫ് നഴ്‌സാണ്. ഏക സഹോദരി ഗ്രേഡ് 7 വിദ്യാര്‍ത്ഥിയാണ്.

ബോണ്‍മൗത്തിലെ മലയാളി സമൂഹത്തിന് അഭിമാനമായിരിക്കുകയാണ് അലീറ്റ അലക്സ്. ബോണ്‍മൗത്ത് ഗ്രാമര്‍ സ്‌കൂളില്‍നിന്നും എ ലെവലില്‍ മികച്ച ഫലം നേടിയതിന് പിന്നാലെ, സൗത്താംപ്ടണ്‍ സര്‍വകലാശാലയിലെ എം.ബി.ബി.എസ്. മെഡിസിന്‍ പ്രോഗ്രാമില്‍ പ്രവേശനം നേടിയിരിക്കുകയാണ് അലീറ്റ അലക്സ് തോട്ടുവായില്‍. അലീറ്റയുടെ സുവര്‍ണ വിജയത്തില്‍ മാതാപിതാക്കളായ അലക്സും ലവ്‌ലിയും സഹോദരന്‍ അഡോണും, ഗ്രാന്റ് പേരന്റ്‌സും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിറഞ്ഞ സന്തോഷത്തിലാണുള്ളത്.

വര്‍ഷങ്ങളായി ബിസിപി കൗണ്‍സിലിലെ സാമൂഹ്യ ക്ഷേമ വകുപ്പില്‍ സോഷ്യല്‍ വര്‍ക്ക് മാനേജരായി ജോലി ചെയ്യുന്ന പാലാ മേവട സ്വദേശിയായ തോട്ടുവായില്‍ അലക്‌സിന്റെയും എന്‍എച്ച്എസില്‍ ഒഫ്താല്‍മോളജിയില്‍ സ്‌പെഷ്യലിസ്റ്റ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ലൗലിയുടെയും മക്കളാണ് അലീറ്റ.

മാത്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് എ സ്റ്റാര്‍ നേടി റികോ രാജു ബ്ലാക്ക് പൂള്‍ മലയാളികള്‍ക്കിടയിലെ താരമായിരിക്കുകയാണ് . സെന്റ് മേരീസ് കാത്തലിക് അക്കാഡമിയിലെ മികച്ച വിജയം നേടിയ കുട്ടികളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ തന്നെയുള്ള റികോ ഇനി ഉന്നത പഠനത്തിന് മെഡിസിന്‍ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സില്‍ അഡ്മിഷനും നേടി.

മെര്‍ച്ചന്റ് നേവി ക്യാപ്ടനായ രാജു ജോസഫ് - ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ ജാന്‍സിമോള്‍ ജോസഫ് ദമ്പതികളുടെ മകനാണ് റികോ. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ തന്നെ ഓഡിയോളജിസ്റ്റ് ആയി ജോലി ചെയ്യുകയാണ് റികോയുടെ ചേച്ചി റിയ രാജു. രണ്ടാമത്തെ ചേച്ചി രേഷ്മ രാജു നോര്‍വിച്ചിലെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ ഫാര്‍മസി സ്റ്റുഡന്റ് ആണ്.

ലണ്ടന്‍ ബ്രാപ്ടണ്‍ മനോര്‍ അക്കാഡമിയില്‍ പഠനം നടത്തി മൂന്നു വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ ഗ്രേഡുകള്‍ നേടി താരമാവുകയാണ് ബിയോണ്‍സ് ഏലിയാസ്. മാത്തമാറ്റിക്‌സ്, സൈക്കോളജി, ഇക്കണോമിക്‌സ് വിഷയങ്ങളിലാണ് ബിയോണ്‍സ് എ സ്റ്റാര്‍ ഗ്രേഡ് നേടിയത്. ഏലിയാസ് - ജിന്‍സി ദമ്പതികളുടെ മകളാണ്.

കെമിസ്ട്രി, മാത് സ്, ബയോളജി വിഷയങ്ങള്‍ക്ക് എ സ്റ്റാറുകള്‍ നേടി വാറിംഗ്ടണിലെ ഡിയോണ്‍ ജോഷ് യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡിലേക്കാണ് ഉന്നത പഠനത്തിന് പോകുന്നത്. സെന്റ് ഹെലന്‍സ് കാര്‍മ്മല്‍ കോളേജില്‍ നിന്നും എ ലെവല്‍ പഠനം പൂര്‍ത്തിയാക്കിയ ഡിയോണ്‍ കെമിസ്ട്രിയില്‍ ഉപരിപഠനം നടത്താനാണ് ആഗ്രഹിക്കുന്നത്.

ജോഷ് - ജിന്‍സി ദമ്പതികളുടെ മകനായ ഡിയോണിന് ഡോണ ജോഷ് എന്ന സഹോദരി കൂടിയുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ തന്നെ ബയോകെമിസ്ട്രിയില്‍ പിഎച്ച്ഡി ചെയ്യുകയാണ് ഡോണ.


മൂന്ന് എ സ്റ്റാര്‍, ഒരു എ ഗ്രേഡ് എന്നിവ കരസ്ഥമാക്കിയാണ് ഹെയര്‍ഫോര്‍ഡിലെ സെറ ബില്‍ബി എ ലെവല്‍ പരീക്ഷയില്‍ ശ്രദ്ധേയയായത്. ബയോളജി, കെമിസ്ട്രി, മാത്‌സ് തുടങ്ങിയ വിഷയങ്ങളിലാണ് എ സ്റ്റാര്‍ ഗ്രേഡ് നേടിയത്. ഇംഗ്ലീഷിന് എ ഗ്രേഡും നേടി. ഫാര്‍മക്കോളജി പഠനത്തിനായുള്ള ഒരുക്കത്തിലാണ് സെറ.

കോട്ടയത്ത് മാന്നാനത്താണ് സെറ ബില്‍ബിയുടെ കുടുംബം. ഹെര്‍ഫോര്‍ഡ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ബില്‍ബി തോമസും റാണി കുര്യന്‍ എന്നിവരാണ് മാതാപിതാക്കള്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സോന സഹോദരി.

എ ലെവലില്‍ മികച്ച വിജയം നേടി റഗ്ബി ഹൈസ്‌കൂളിന് അഭിമാനമായിരിക്കുകയാണ് റഗ്ബിയില്‍ താമസിക്കുന്ന പഴയടത്ത് സോജി - സെലിന്‍ ദമ്പതികളുടെ മകള്‍ അലീസ സോജി രണ്ട് എ സ്റ്റാറും ഒരു എയും കരസ്ഥമാക്കി യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മിങാമില്‍ ഡെന്റിസ്ട്രിയ്ക്ക് ചേരുവാന്‍ സീറ്റ് ഉറപ്പിച്ചിരിക്കുകയാണ്. ജിസിഎസ്ഇയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ കരസ്ഥമാക്കിയാണ് അലീസ എ ലെവലിലേക്ക് എത്തിയത്.

രണ്ടുവര്‍ഷം മുമ്പ് സഹോദരി അലീറ്റ സോജി റഗ്ബി ഹൈസ്‌കൂളില്‍ നിന്നും മിന്നും വിജയം നേടി ബിര്‍മിങാം ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പ്രവേശനം നേടിയിരുന്നു. ഇപ്പോള്‍ മൂന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ് അലീറ്റ. ഇവരുടെ സഹോദരന്‍ അലിസ്റ്റര്‍ റബ്ബി ലോറന്‍സ് ഷെരീഫ് ഗ്രാമര്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പിതാവ് നഴ്‌സ് സോജി കവന്‍ട്രി ആന്റ് വാര്‍വിക്ഷെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ ബെഡ് മാനേജര്‍ ആയും അമ്മ സെലിന്‍ റഗ്ബി സെന്റ് ക്രോസ് ഹോസ്പിറ്റലില്‍ ഡയാലിസിസ് സിസ്റ്ററായും ജോലി നോക്കുകയാണ്. നാട്ടില്‍ ഇവരുടെ സ്വദേശം കോതമംഗലമാണ്.

എല്ലാ വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയാണ് ഇപ്സ്വിച്ചിലെ ആല്‍ഡ്രിക്ക് ജിജോ തന്റെ മിടുക്ക് തെളിയിച്ചിരിക്കുന്നത്. കോള്‍ചെസ്റ്റര്‍ റോയല്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആല്‍ഡ്രിക്ക് ജിജോ നിയമ ബിരുദത്തിന് ''ദ ടൈംസ് ഗുഡ് യൂണിവേഴ്സിറ്റി ഗൈഡില്‍'' യുകെയില്‍ ഒന്നാം സ്ഥാനത്തുള്ള യൂണിവേഴ്സിറ്റി കോളേജ് ലണ്ടനില്‍ ആണ് അഡ്മിഷന്‍ നേടിയത്. മുന്‍ പാലാ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയും ഇപ്പോള്‍ യുകെയിലെ ബിസിനസുകാരനുമായ ജിജോ പിണക്കാട്ടിന്റെയും ഇപ്‌സ്വിച്ച് ഹോസ്പിറ്റലിലെ നഴ്‌സായ മഞ്ജുവിന്റെയും മകനാണ് ആല്‍ഡ്രിക്. ഇപ്സ്വിച്ച് പ്രെവറ്റ് സ്‌കൂളില്‍ പഠിക്കുന്ന ഐഡന്‍ സഹോദരനാണ്.

സ്വാന്‍സിയിലെ ബിഷപ്പ് വോഗന്‍ കാത്തലിക് സ്‌കൂളില്‍നിന്നും രണ്ട് എ സ്റ്റാറുകളും ഒരു എ ഗ്രേഡും നേടി ആന്റോ ഫ്രാന്‍സിസ് ഉന്നത പഠനത്തിന് പോകുന്നത് യൂണിവേഴ്‌സിറ്റി ഓഫ് ബാത്തിലേക്ക് ആണ്. കമ്പ്യൂട്ടര്‍ സയന്‍സ് ആണ് ആന്റോ തെരഞ്ഞെടുത്തിരിക്കുന്നത്. സ്വാന്‍സിയിലെ മോറിസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് പോള്‍ - ഡയാന ഫ്രാന്‍സിസ് ദമ്പതികളുടെ മകനാണ് ആന്റോ. ബിഷപ്പ് വോഗന്‍ കാത്തലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആനി ഫ്രാന്‍സിസും ആബേല്‍ ഫ്രാന്‍സിസും സഹോദരങ്ങളാണ്.

മൂന്നു വിഷയങ്ങള്‍ പഠിച്ചതില്‍ രണ്ട് എ ഗ്രേഡുകളും ഒരു ബിയും നേടി വെല്ലിംഗ്ടണിലെ ഐറിന്‍ റൗഫ് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിലേക്കാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയിരിക്കുന്നത്. യുകെയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബ്ലൂ ആപ്പിളിന്റെ ഡയറക്ടര്‍ റൗഫ് - ഓഡിയോളജിക്കല്‍ സയന്റിസ്റ്റ് സുമി റൗഫ് ദമ്പതികളഉടെ മകളാണ് ഐറിന്‍. വെല്ലിംഗ്ടണ്‍ ഗ്രാമര്‍ സ്‌കൂളില്‍ എ ലെവല്‍ പഠനം നടത്തിയ ഐറിന്‍ ജിസിഎസ്ഇ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയിരുന്നു. പഠനത്തിനു പുറമേ ഡാന്‍സ്, പിയാനോ, ഹൈക്കിംഗ് എന്നീ മേഖലകളിലെല്ലാം ഐറിന്‍ മിടുക്ക് തെളിയിച്ചിട്ടുണ്ട്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions