യുകെയില്‍ അടച്ചു പൂട്ടുന്ന പബ്ബുകളുടെ എണ്ണം കൂടിവരുന്നു. ഈ വര്‍ഷം ഇതുവരെ 200 ലധികം പബ്ബുകള്‍ അടച്ചുപൂട്ടി. ആദ്യ ആറ് മാസങ്ങളില്‍ 209 പബ്ബുകള്‍ നിര്‍ത്തുകയോ മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റുകയോ ചെയ്തതായി സര്‍ക്കാര്‍ കണക്കുകളുടെ വിശകലനത്തില്‍ കണ്ടെത്തി. സൗത്ത് ഈസ്റ്റിലാണ് ഏറ്റവും കൂടുതല്‍ അടച്ചു പൂട്ടപ്പെട്ടത്. ഈ കാലയളവില്‍ 31 പബ്ബുകള്‍ ആണ് ഇവിടെ പ്രവര്‍ത്തനം നിര്‍ത്തിയത്. നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി.
2020 ന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കമ്മ്യൂണിറ്റികളില്‍ നിന്ന് 2,283 പബ്ബുകള്‍ അടച്ചുപൂട്ടി. പബ്ബുകള്‍ നേരിടുന്ന ഉയര്‍ന്ന പ്രവര്‍ത്തന ചിലവാണ് അടച്ചുപൂട്ടലിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബിസിനസ് നിരക്കുകളിലെ കിഴിവുകളിലെ മാറ്റങ്ങള്‍, ഹൈ സ്ട്രീറ്റ് ബിസിനസുകളെ ബാധിക്കുന്ന പ്രോപ്പര്‍ട്ടി ടാക്സ് എന്നിവ പല പബ്ബുകളെയും ബാധിച്ചിട്ടുണ്ട്.
ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ക്ക് അവരുടെ ബിസിനസ് നിരക്കുകളില്‍ 60% കിഴിവ് നേരത്തെ ലഭിക്കുമായിരുന്നു. എന്നാല്‍ ഏപ്രിലില്‍ മുതല്‍ ഇത് 25% ആയി കുറച്ചു. ദേശീയ മിനിമം വേതനത്തിലെയും ദേശീയ ഇന്‍ഷുറന്‍സ് പേയ്‌മെന്റുകളിലെയും വര്‍ദ്ധനവ് പബ്ബുകളുടെ ബില്ലുകള്‍ കൂട്ടുന്നതിനും കാരണമായി. പബ്ബുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യം ഹൃദയഭേദകമാണ് എന്ന് ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ്ബ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ മക്ലാര്‍ക്കിന്‍ ചൂണ്ടിക്കാട്ടി.