എസെക്സില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനെതിരെ നിര്‍ണായക വിധി സമ്പാദിച്ച് കൗണ്‍സില്‍
അനധികൃത കുടിയേറ്റത്തിനെതിരെ യുകെയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായി ഇവരെ പാര്‍പ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവ് കാഴ്ചയാണ്. എസെക്സിലെ ബെല്‍ ഹോട്ടല്‍ ഇത്തരത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാര്‍ത്ഥികളെ ബെല്‍ ഹോട്ടലില്‍ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചിരിക്കുകയാണ് കൗണ്‍സില്‍ അധികാരികള്‍.
ഇതോടെ അനധികൃത കുടിയേറ്റക്കാരെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിക്കേണ്ടതായി വരും. സോമാനി ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എപ്പിംഗിലെ ദി ബെല്‍ ഹോട്ടലില്‍ കുടിയേറ്റക്കാരെ താമസിപ്പിക്കുന്നത് തടയാന്‍ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ആണ് വിധി സമ്പാദിച്ചത് .
കൗണ്‍സിലിന്റെ കേസ് തള്ളിക്കളയാന്‍ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ നടത്തിയ 11-ാം മണിക്കൂര്‍ ശ്രമം നിരസിച്ചതിന് ശേഷമാണ് മിസ്റ്റര്‍ ജസ്റ്റിസ് ഐര്‍ തന്റെ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 140 പുരുഷന്മാരാണ് ഇവിടെ താമസിച്ചിരുന്നത്. യുകെയില്‍ ഉടനീളം ഇത്തരം അഭയാര്‍ത്ഥി ഹോട്ടലുകളില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നതിന് ഹൈക്കോടതി വിധി കാരണമാകുമെന്നാണ് നിയമവിദഗ്ധര്‍ അനുമാനിക്കുന്നത്.
നഗരത്തില്‍ 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവിടെ താമസിക്കുന്ന ഒരു അഭയാര്‍ത്ഥിക്കെതിരെ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് സമീപ ആഴ്ചകളില്‍ ആയിരക്കണക്കിന് ആളുകള്‍ ഹോട്ടലിന് സമീപം പ്രതിഷേധിച്ചിരുന്നു. സിറിയന്‍ പൗരനായ മുഹമ്മദ് ഷര്‍വാര്‍ഖ് (32) ആണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്. ബെല്‍ ഹോട്ടലിലെ ഒരു താമസക്കാരനെതിരെ ലൈംഗിക സ്വഭാവമുള്ള കുറ്റം ഉള്‍പ്പെടെ ഒന്നിലധികം ആക്രമണങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ താന്‍ വളരെയധികം ആശങ്കാകുലനാണ് എന്ന് എപ്പിംഗ് ഫോറസ്റ്റിന്റെ കണ്‍സര്‍വേറ്റീവ് എംപിയായ ഡോ. നീല്‍ ഹഡ്‌സണ്‍ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളും ഇത്തരം കേസുകളും ആണ് ഹോട്ടലുകളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനെതിരെ കേസിനു പോകാന്‍ കൗണ്‍സിലിനെ പ്രേരിപ്പിച്ചത്.