ഈ വര്‍ഷം വീണ്ടും പലിശ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന മോര്‍ട്ട്‌ഗേജുകാര്‍ക്ക് നിരാശയേകി പണപ്പെരുപ്പം മുകളിലേയ്ക്ക്. ഈ വര്‍ഷം ഇനിയൊരു പലിശ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്ന തരത്തിലാണ് ട്രേഡര്‍മാര്‍ വിപണിയെ വിലയിരുത്തുന്നത്. പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൈകള്‍ കെട്ടിയിട്ട നിലയിലേക്ക് മാറുന്നതാണ് കാരണം.
നിലവില്‍ 4 ശതമാനത്തിലേക്ക് പലിശകള്‍ കുറച്ചിട്ടുണ്ടെങ്കിലും ഇതിന് അപ്പുറത്തേക്ക് ഒരു നടപടി കൈക്കൊള്ളാന്‍ കേന്ദ്ര ബാങ്കിന് ബുദ്ധിമുട്ടുകളുണ്ട്. 2025-ല്‍ മറ്റൊരു കട്ടിംഗ് ഉണ്ടാകുമെന്നായിരുന്നു മുന്‍പ് പ്രതീക്ഷിച്ചത്.
ചെറുതെങ്കിലും സമ്പദ് വ്യവസ്ഥ വികസിക്കുന്നതും, ശമ്പളവര്‍ദ്ധന കുറയുന്നതും, യുഎസുമായുള്ള വ്യാപാര കരാറും ചേര്‍ന്ന് പലിശ കുറയ്ക്കാനുള്ള സാധ്യതകള്‍ നല്‍കുമ്പോഴും പണപ്പെരുപ്പം താഴാതെ നില്‍ക്കുന്നത് തിരിച്ചടിയാണ്.
കഴിഞ്ഞ മോണിറ്ററി പോളിസി യോഗത്തില്‍ ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് പലിശ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത്. ജൂലൈ മാസത്തിലെ പണപ്പെരുപ്പ നിരക്ക് പ്രകാരം 3.8 ശതമാനത്തിലേക്ക് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ വിലക്കയറ്റവും വലിയ ആശങ്കയാണ്.