അയര്‍ലന്‍ഡിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെ പിന്തുണച്ച് കത്തോലിക്ക സഭയുടെ ഇടയലേഖനം
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരെയടക്കം ഒട്ടറെ വംശീയാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യക്കാരെ പിന്തുണച്ച് ലത്തീന്‍ കത്തോലിക്കാ സഭയുടെ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഇടയലേഖനം പുറത്തിറങ്ങി. 'അവരെ ചേര്‍ത്തുപിടിക്കണം, അവര്‍ നമ്മുടെ സ്വന്തമാണ്' എന്നിങ്ങനെയുള്ള വരികള്‍ ഉള്‍പ്പെടുന്ന ഇടയ ലേഖനമാണ് ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ പുറത്തിറക്കിയത്. ആദ്യമായാണ് രാജ്യത്തുള്ള ഒരു വിഭാഗം ജനങ്ങള്‍ക്ക് വേണ്ടി ഡബ്ലിന്‍ അതിരൂപത ഇടയലേഖനം പുറപ്പെടുവിക്കുന്നത്. ഇന്ത്യന്‍ ജനതയെ പിന്തുണയ്ക്കണമെന്നും അവര്‍ക്ക് സര്‍വവിധ സഹകരണവും നല്‍കണമെന്നും ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ ആവശ്യപ്പെട്ടു. വിശ്വാസസമൂഹത്തിന് ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുവാന്‍ കടപ്പാടുണ്ടെന്ന് ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ വ്യക്തമാക്കുന്നു.
ഇടയലേഖനത്തില്‍ നിന്നും ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹാംഗങ്ങള്‍ക്കെതിരെ നടന്ന ഒടുവിലെ ഞെട്ടിക്കുന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ പേടിയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്. അവരെ നമ്മള്‍ ചേര്‍ത്തുപിടിക്കണം, അവര്‍ നമ്മുടെ സ്വന്തമാണ്. ദൗര്‍ഭാഗ്യവശാല്‍ വര്‍ഗീയ അധിക്ഷേപങ്ങള്‍ ആ സമൂഹത്തിലേക്കു മാത്രമല്ല പരിമിതപ്പെടുന്നത്. മനുഷ്യരുടെ നിറത്തിലൂടെ മാത്രമാണ് ചിലര്‍ ആള്‍ക്കാരെ വേര്‍തിരിക്കുന്നത്. വളരെ അധികം ആളുകള്‍ ദിവസം തോറും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നത് സങ്കടകരമാണ്. നമ്മുടെ അയല്‍ക്കാരുടെയും സഹപൗരന്മാരുടെയും നേരെയുള്ള ഈ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല.
ഇത് ഇരകളുടെ ജീവിതത്തെ തകര്‍ക്കുകയും ഒരു ജനതയെന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും അപമാനമായി തീരുകയും ചെയ്യുന്നു. ഹിംസാത്മകമായ ആക്രമണങ്ങള്‍ അപൂര്‍വ്വമാണെങ്കിലും ദിനംപ്രതി നടക്കുന്ന അധിക്ഷേപങ്ങളും തെറ്റായ പെരുമാറ്റങ്ങളും മന്ദഗതിയിലാണെങ്കിലും വിഷബാധയെന്നത് പോലെ വ്യാപിക്കുന്നുണ്ട്. ഇന്ത്യന്‍ സമൂഹവും മറ്റ് ന്യൂനപക്ഷ സമൂഹങ്ങളും നമ്മുടെ രാജ്യത്തിനായി ചെയ്യുന്ന മഹത്തായ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഇത്തരം പെരുമാറ്റം കൂടുതല്‍ അപലപനീയമാണ്. നമ്മുടെ ആരോഗ്യ രംഗത്ത് ഇന്ത്യന്‍ വിദഗ്ധരുടെ പ്രധാന്യത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. അവരുടെ സേവനം ഇല്ലാതെ ആരോഗ്യപരമായ ആവശ്യങ്ങള്‍ അയര്‍ലന്‍ഡിന് പൂര്‍ണ്ണമായും നിറവേറ്റാനാകില്ല. മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും തങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കുന്നവരും നികുതികളിലൂടെ പൊതുസേവനങ്ങള്‍ക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നവരുമാണ്. തൊഴില്‍ ജീവിതത്തിന് അപ്പുറം ഇന്ത്യന്‍ കുടുംബങ്ങളും മറ്റു ന്യൂനപക്ഷ കുടുംബങ്ങളും നമ്മുടെ അതിരൂപതയിലെ ഇടവകകളിലും സ്‌കൂള്‍ സമൂഹങ്ങളിലും നിര്‍ണായക പങ്ക് വഹിക്കുന്നവരാണ്.
ഇന്ത്യന്‍ പുരോഹിതരും സന്യാസനികളും അത്മായ പുരുഷ-സ്ത്രീ സന്നദ്ധപ്രവര്‍ത്തകരും ഡബ്ലിനിലെ സഭയുടെ ആത്മീയജീവിതത്തില്‍ അത്യാവശ്യമായ സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമത്തില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ചിലരുടെ നീചവും ദൈവനിന്ദ്യവുമായ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഐറിഷ് സമൂഹത്തിന് അറിയാം. നീതിക്കും സമത്വത്തിനും വേണ്ടി ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ട സമയം എത്തി. ഇന്ത്യന്‍ സഹോദരങ്ങളോടും സഹോദരിമാരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട സമയം എത്തി. അപവാദത്തിലും ദ്വേഷത്തിലും ആധാരപ്പെട്ട് നമ്മുടെ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട സമയമാണിത്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടേണ്ട സമയമാണിത്. ഞാന്‍ അതിരൂപതയിലെ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവരും സ്‌കൂള്‍ സമൂഹങ്ങളും ഇതിനകം തന്നെ ഇന്ത്യന്‍ കുടുംബങ്ങളെയും ഇവിടെ താമസം തുടങ്ങുന്നവരെയും തികച്ചും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടു. ആ ഐക്യദാര്‍ഢ്യത്തിന്റെയും സ്വീകരണത്തിന്റെയും ആത്മാവിനെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. അതിന് പ്രായോഗികമായ ചില ചുവടുവെയ്പ്പുകള്‍ നമ്മുക്ക് എടുക്കാം. ആദ്യം നമ്മുടെ ഇടവക സമൂഹത്തിലെ ന്യൂനപക്ഷ പശ്ചാത്തലത്തിലുള്ള കുടുംബങ്ങളോടും വ്യക്തികളോടും നേരിട്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ എല്ലാവരും തയ്യാറാകണം. അവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രോത്സാഹനം നല്‍കണം. നമ്മുടെ ദേവാലയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന വിശാലമായ സമൂഹത്തിലെ കുടുംബങ്ങളെ നേരിട്ട് കണ്ട് അവരോട് സംവദിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യന്‍ സമൂഹത്തെയും ഡബ്ലിനിലെ മറ്റുള്ളവരെയും ഭയപ്പെടുത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നവരെ പരാജയപ്പെടുത്താനും ഗാര്‍ഡയ്ക്ക് (അയര്‍ലന്‍ഡ് പൊലീസ്) പരമാവധി പിന്തുണ നല്‍കാനും നാമെല്ലാവരും ഉത്സാഹിക്കണം.