ജയില്‍ മോചിതരാകുന്ന കുറ്റവാളികള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പബ്ബുകളിലും കായിക വേദികളിലും പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനാണ് ആലോചന. ക്രിമിനലുകള്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ തുടര്‍ന്നും അവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് നിയന്ത്രിക്കുക എന്നതാണ് ഉദ്ദേശ്യം. ജഡ്ജിമാര്‍ക്ക് കൂടുതല്‍ ശക്തമായ ശിക്ഷാവിധികള്‍ പുറപ്പെടുവിക്കാന്‍ അധികാരം നല്‍കുന്ന തരത്തിലായിരിക്കും നിയമനിര്‍മ്മാണം. പൊതുജന സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.
ലേബര്‍ പാര്‍ട്ടിയുടെ ഈ നീക്കത്തിനു പിന്നില്‍ ജയിലുകള്‍ നിറയുന്നത് തടയുക എന്ന ഉദ്ദേശ്യം കൂടിയുണ്ട്. ഇത് ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം കൂടിയാണ്. ഇതിന്റെ ഭാഗമായി, ജൂണില്‍ തടവുകാരെ കുറഞ്ഞ സുരക്ഷയുള്ള കമ്മ്യൂണിറ്റി ജയിലുകളിലേക്ക് മാറ്റാന്‍ തുടങ്ങിയിരുന്നു. 2023 മുതല്‍ 2024 വരെ ജയില്‍ സംവിധാനം പലതവണ പ്രതിസന്ധികളിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉള്‍ക്കൊള്ളാനുള്ള ശേഷിക്കപ്പുറം ആളുകള്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളിലെത്തി.
കുറ്റവാളികള്‍ തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് എത്രയും വേഗം തടയാന്‍ പുതിയ നിയമനിര്‍മാണത്തിന് സാധിക്കും. ജയിലില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നയാള്‍ തുടര്‍ന്നും നല്ലനടപ്പില്‍ ഏര്‍പ്പെടുന്നത് ഉറപ്പാക്കും. 'കുറ്റകൃത്യം ചെയ്താല്‍ ജീവിതം ബുദ്ധിമുട്ടുകുമെന്ന് ഓര്‍മ്മിപ്പിക്കാനാണ് പുതിയ നിയമനിര്‍നമ്മാണമെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പറഞ്ഞു. കുറ്റവാളികളുടെ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കമ്മ്യൂണിറ്റി തടവ് വിധിക്കാന്‍ കോടതികള്‍ക്ക് അധികാരം നല്‍കുകയാണ് ചെയ്യുക.
സ്ഥിരം കുറ്റവാളികള്‍ക്ക് ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ , യാത്രാ നിരോധനം , പ്രത്യേക മേഖലകളില്‍ നിയന്ത്രിച്ച് നിര്‍ത്തല്‍ തുടങ്ങിയവ ശിക്ഷയായി വിധിക്കാനാകും. നിലവില്‍ സ്റ്റേഡിയങ്ങളില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ ആ ഭാഗത്ത് വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമസംവിധാനമുണ്ട്. ചില പ്രത്യേക കുറ്റകൃത്യങ്ങള്‍ക്ക് മാത്രമാണ് വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഏത് കുറ്റകൃത്യത്തിനും ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കും.
നിയമങ്ങള്‍ ലംഘിച്ചാല്‍ ഏത് കുറ്റകൃത്യത്തിനായാലും സ്വാതന്ത്ര്യം നഷ്ടപ്പെടും. ജയിലിനകത്താണെങ്കിലും പുറത്താണെങ്കിലും കുറ്റവാളികളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള ശിക്ഷകള്‍ നല്‍കാന്‍ കോടതികള്‍ക്ക് പുതിയ അധികാരങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഷബാന മഹ്‌മൂദ് പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗ ചരിത്രമുള്ളവര്‍ക്ക് ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തും. ജയില്‍ മോചിതരാകുന്ന എല്ലാവരെയും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കും.