യുകെ തൊഴില്‍ വിപണിയില്‍ ജോലി ഒഴിവുകള്‍ വലിയ തോതില്‍ കുറയുന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) പുതിയ ഡേറ്റകള്‍ പറയുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ തൊഴില്‍ ഒഴിവുകള്‍ 5.8% കുറഞ്ഞ് 718,000 ആയി. 2021 ന്റെ തുടക്കത്തില്‍ രാജ്യം കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ശമ്പളപ്പട്ടികയിലുള്ള ആളുകളുടെ എണ്ണത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്, ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 8,000 ജീവനക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിലില്ലായ്മ നിരക്ക് 4.7% ല്‍ തന്നെ തുടരുകയാണ്. രാജ്യവ്യാപകമായി 30 ദശലക്ഷത്തിലധികം തൊഴിലാളികളെ ശമ്പളപ്പട്ടിക ഇപ്പോഴും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയരൂപീകരണ വിദഗ്ദ്ധന്‍ ആന്‍ഡ്രൂ സെന്റന്‍സ് ചൂണ്ടിക്കാട്ടി. ബിസിനസ് ചെലവുകളിലെ സമീപകാല വര്‍ധനവാണ് തൊഴില്‍ ഒഴിവുകളിലെ ഈ കുറവിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലില്‍, നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറില്‍ 11.44 പൗണ്ടില്‍ നിന്ന് 12.21 പൗണ്ട് ആയി ഉയര്‍ന്നിരുന്നു. അതേസമയം തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവനകള്‍ 13.5% ല്‍ നിന്ന് 15% ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഊര്‍ജ്ജ, ഭക്ഷ്യ ചെലവുകളുടെ വര്‍ദ്ധനവും ബിസിനസുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണത്തില്‍ വെട്ടികുറയ്ക്കലുകള്‍ നടത്തിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളിലാണ് ശമ്പളപ്പട്ടികയിലെ കുറവ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് പഠനം പറയുന്നു.