ബ്രിട്ടനില്‍ അധികാര കസേര ലക്ഷ്യമിട്ടു പുതിയ കുടിയേറ്റ നയവുമായി റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെ. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഞ്ചു വര്‍ഷത്തിനകം ആറു ലക്ഷം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്നാണ് പ്രഖ്യാപനം. ചാനലിലൂടെ കടന്നുകയറുന്ന അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ റീസ്റ്റോങ് ജസ്റ്റിസ് പദ്ധതിയിലൂടെ സാധിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. ബോട്ടുകളില്‍ അനധികൃതമായി എത്തുന്നവരെ പിടികൂടി ഉടന്‍ തിരിച്ചയയ്ക്കും. അനധികൃതമായി എത്തുന്നവരെ തടയാന്‍ സര്‍ക്കാരിന് കഴിയാത്തത് നാണക്കേടാണെന്നും നിഗല്‍ ഫരാഗെ തുറന്നടിച്ചു.
തങ്ങളുടെ ആദ്യ പാര്‍ലമെന്റിന്റെ കാലയളവില്‍ തന്നെ 600,000 പേരെ നാടുകടത്താന്‍ കഴിയുമെന്ന് ഫരാഗ് വ്യക്തമാക്കി. അഞ്ച് വര്‍ഷം കൊണ്ട് 17 ബില്ല്യണ്‍ പൗണ്ട് ലാഭം നേടാമെന്നാണ് വാദം. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സില്‍ നിന്നും ബ്രിട്ടന്‍ ഉപേക്ഷിച്ചിറങ്ങുകയും ചെയ്യും. അനധികൃതമായി എത്തുന്നവരെ ഉടന്‍ തടങ്കലില്‍ എടുക്കുകയും, നാടുകടത്തുകയും മാത്രമാണ് ഈ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള പോംവഴിയെന്ന് ഫരാഗ് ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യാവകാശ നിയമങ്ങളുടെ പേരില്‍ അനധികൃത കുടിയേറ്റത്തെ ന്യായീകരിക്കാനാകില്ല. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ രാജ്യങ്ങളുമായി അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കാനുള്ള കരാറുകള്‍ക്ക് ശ്രമിക്കുമെന്നും റുവാണ്ടയിലും അല്‍ബേനിയയിലും അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാനുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
800 മില്യണ്‍ പൗണ്ട് നല്‍കിയിട്ടുപോലും അഭയാര്‍ത്ഥികളെത്തുന്ന ബോട്ടിന് ഫ്രഞ്ച് നാവിക ബോട്ടുകള്‍ എസ്‌കോര്‍ട്ട് നല്‍കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അഭയാര്‍ത്ഥികളെ സ്വയം നാടുവിടാനുള്ള അവസരവും നല്‍കും. 2500 പൗണ്ട് ഇതിനായി നല്‍കും. താലിബാന് അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തിരികെ എടുക്കാന്‍ ധന സഹായംനല്‍കും.