ബ്രാഡ്ഫോര്‍ഡിലെ ജ്വല്ലറിയില്‍ പോലീസ് വേഷത്തിലെത്തിയ നാല് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ടു. ഗ്രെയ്റ്റ് ഹോര്‍ട്ടണ്‍ റോഡിലുള്ള ചാച്ച ജ്വല്ലറിയിലാണ് പോലീസ് വേഷത്തിലെത്തിയവര്‍ മോഷണം നടത്തിയത്. നാല് പേരില്‍ രണ്ടു പേര്‍ പോലീസ് വേഷത്തിലായിരുന്നു. അതില്‍ ഒരാള്‍ പോലീസ് എന്ന് എഴുതിയ കറുത്ത ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്.മറ്റെയാള്‍ പോലീസിന്റെ ലോഗോ ആലേഖനം ചെയ്ത കറുത്ത ടീഷര്‍ട്ടും. മറ്റ് രണ്ടുപേര്‍ വെളുത്ത ഷര്‍ട്ടുകളായിരുന്നു ധരിച്ചിരുന്നത്. ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 11.18 ന് ഇവര്‍ ജ്വല്ലറിയില്‍ പ്രവേശിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളുണ്ട്.
കൗണ്ടറിന് ഉള്ളില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരോട് ഇവര്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് സി സി ക്യാമറയില്‍ പതിഞ്ഞത്. പിന്നീട് അവരോട് പുറത്തേക്ക് വരാനും അറസ്റ്റിന് വിധേയരാകാനും ആവശ്യപ്പെടുന്നുണ്ട്. ഒരു ജീവനക്കാരനെ അവര്‍ കൈവിലങ്ങ് വെച്ചെങ്കിലും, രണ്ടാമത്തെയാളെ വിലങ്ങണിയിക്കാന്‍ അവര്‍ക്കായില്ല. അതിനുശേഷം, ജ്വല്ലറിയില്‍ നിന്നും സാധനങ്ങള്‍ വാരിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു അവര്‍.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ അവര്‍ സെക്യൂരിറ്റി ഡോറുകളില്‍ കുടുങ്ങിയെങ്കിലും, അതിലൊരാള്‍ തിരികെ വന്ന് ഒരു ട്രേയില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ എടുത്തുകൊണ്ട് തിരികെ പോയി. പിന്നീട് അവര്‍ സെക്യൂരിറ്റി ഡോര്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മോഷ്ടാക്കളില്‍ ഒരാളെ കാറിന് പുറത്തേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്..