ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ കുടുംബമായി താമസിച്ചു വന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യന്‍ (40) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കില്ലാര്‍ണി നാഷണല്‍ പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. 'ഗാര്‍ഡ'(പോലീസ്) സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി കില്ലാര്‍ണി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രഞ്ജുവിനെ രണ്ട് ദിവസമായി കാണാന്‍ ഇല്ലായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. നഴ്സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. മക്കള്‍: ക്രിസ്, ഫെലിക്സ്.
2016ന് ശേഷമാണ് ഇവര്‍ കുടുംബമായി അയര്‍ലന്‍ഡില്‍ എത്തുന്നത്. കോഴിക്കോടുള്ള ബിസിനസ് കുടുംബത്തിലെ അംഗമായ രഞ്ജു അയര്‍ലന്‍ഡില്‍ എത്തുന്നതിന് മുന്‍പ് സിറോ മലബാര്‍ സഭയുടെ വിവിധ പോഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിലും അയര്‍ലന്‍ഡിലും ഏവര്‍ക്കും സുപരിചിതനായ വ്യക്തി എന്ന നിലയില്‍ രഞ്ജുവിന്റെ മരണം ഏവര്‍ക്കും വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.
(കടപ്പാട്- മനോരമ)